പരിസ്ഥിതിലോല മേഖല: മലയോരത്ത് ജനകീയ പ്രതിഷേധം; ഹർത്താൽ ഇന്ന് വൈകിട്ട് ആറുവരെ

തിരുവനന്തപുരം ∙ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് മലയോര ജനത നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം തേടി കേരള കർഷക സംഘവും ആദിവാസി ക്ഷേമ സമിതിയും സംയുക്തമായി ജില്ലയിലെ ഏഴ് വില്ലേജുകളിൽ പ്രഖ്യാപിച്ച ഹർത്താൽ ഇന്ന് നടക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ ആചരിക്കുന്നത്.
അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, മണ്ണൂർക്കര, പെരിങ്ങമ്മല, തെന്നൂർ, വിതുര എന്നീ വില്ലേജുകളിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കുക എന്ന പ്രധാന ആവശ്യമുയർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. അടിയന്തര സ്വഭാവമുള്ള സേവനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ വ്യക്തമാക്കി. വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് ഹർത്താൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




