ഭാര്യയെക്കാൾ വരുമാനം കുറവ്; എസ്‌യുവി വേണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ക്രൂരത; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ലുധിയാന: വിവാഹസമ്മാനമായി ആഡംബര കാറും ബൈക്കും ലഭിച്ചില്ലെന്ന് ആരോപിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ യുവാവിനെതിരെ പരാതി. ഒക്ടോബർ 21-ന് പഞ്ചാബിലെ ലുധിയാനയിലാണ് നടുക്കുന്ന ഈ സംഭവം അരങ്ങേറിയത്. ട്വിങ്കിൾ എന്ന യുവതിയാണ് ഭർത്താവ് റിതീഷ് ശർമയുടെ ആക്രമണത്തിന് ഇരയായത്. മർദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.
വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടതുമുതൽ ആഡംബര എസ്‌യുവി വേണമെന്ന് ആവശ്യപ്പെട്ട് റിതീഷ് നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ട്വിങ്കിൾ പറയുന്നു. അന്ന് ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും, പിന്നീട് ബൈക്ക് വേണമെന്ന ആവശ്യവുമായി ഇയാൾ വീണ്ടും പ്രശ്നങ്ങൾ തുടങ്ങി. ഒക്ടോബർ 21-നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ‘നീ എന്നെക്കാൾ കൂടുതൽ വരുമാനമുണ്ടാക്കുന്നതല്ലേ, പിന്നെയെന്താണ് എനിക്കൊരു കാർ വാങ്ങിത്തരാത്തത്?’ എന്ന് ചോദിച്ചായിരുന്നു ആക്രമണം.
ഭർത്താവിൽ നിന്ന് രക്ഷപ്പെടാനായി ട്വിങ്കിൾ അയൽവാസിയുടെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും, പിന്നാലെയെത്തിയ റിതീഷ് അവിടെവെച്ചും യുവതിയെ ക്രൂരമായി മർദിക്കുകയായിരുന്നു. യുവതിയുടെ മുടിയിൽ പിടിച്ചുവലിച്ച് നിലത്തിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി കാണാം. ഈ ദൃശ്യങ്ങൾ തെളിവായി ഹാജരാക്കിയാണ് ട്വിങ്കിൾ ഭർത്താവിനെതിരെ പരാതി നൽകിയിരിക്കുന്നത്. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഒടുവിൽ യുവതിയെ ഇയാളുടെ പിടിയിൽ നിന്ന് മോചിപ്പിച്ചത്.




