സവാള വിറ്റു തീർക്കാൻ പാടുപെട്ട് പോലീസ്: കെട്ടിക്കിടക്കുന്നത് 5,900 കിലോ; നഷ്ടം മൂന്നു ലക്ഷത്തിലേറെ!

കൊരട്ടി ∙ ലോറിയിൽ സവാളച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മൂന്നു കോടി രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയ സംഭവത്തിൽ, ലോറിയിലുണ്ടായിരുന്ന സവാള വിറ്റൊഴിവാക്കാൻ ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി അനുമതി നൽകി. തൊണ്ടിമുതലായി സൂക്ഷിക്കേണ്ട ആവശ്യമില്ലാത്തതിനാലാണ് സവാള വിൽക്കാൻ പൊലീസ് തീരുമാനിച്ചത്. കഴിഞ്ഞ 23-നാണ് 50 കിലോ വീതം ഭാരമുള്ള 118 ചാക്ക് സവാളയുമായി ലോറി പിടികൂടിയത്. സവാള കേടായി നശിച്ചുപോകുന്നത് ഒഴിവാക്കാനാണ് അടിയന്തര നടപടി.
ചില്ലറ വിപണിയിൽ കിലോയ്ക്ക് 60 രൂപ നിരക്കിൽ, ആകെ പിടിച്ചെടുത്ത 5,900 കിലോ സവാള വിൽക്കുന്നതിലൂടെ ലഭിക്കുന്ന തുക റവന്യു ഡിപ്പോസിറ്റ് ഫണ്ടിലേക്ക് അടയ്ക്കും. സംഭവത്തിൽ ഏകദേശം 11 ടണ്ണോളം നിരോധിത പുകയില ഉൽപന്നങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. കേസിൽ ഉൾപ്പെട്ട മൂന്നുപേരെ ഇതിനകം അറസ്റ്റ് ചെയ്യുകയും, കടത്താൻ ഉപയോഗിച്ച ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.




