19 വർഷത്തെ ഒളിവുജീവിതത്തിന് വിരാമം; സാമ്പത്തികത്തട്ടിപ്പ് കേസ് പ്രതി അഗതിമന്ദിരത്തിൽ പിടിയിൽ

കോട്ടയം ∙ നീണ്ട പത്തൊൻപത് വർഷക്കാലം കേരളാ പൊലീസിനെ വട്ടംകറക്കി ഒളിവിൽ കഴിഞ്ഞ സാമ്പത്തികത്തട്ടിപ്പു കേസ് പ്രതി ഒടുവിൽ നിയമത്തിന് മുന്നിൽ. കോട്ടയം വാകത്താനം ഇരവുചിറ സ്വദേശി തോട്ടത്തിൽ ടി.സി.അജിമോൻ (52) ആണ് പിടിയിലായത്.
പത്തൊൻപത് വർഷം മുൻപ് കോട്ടയത്ത് രജിസ്റ്റർ ചെയ്ത സാമ്പത്തിക കുറ്റകൃത്യ കേസിൽ ഉൾപ്പെട്ടതിനെത്തുടർന്നാണ് അജിമോൻ ഒളിവിൽ പോയത്. തമിഴ്നാട്, മലപ്പുറം, കോഴിക്കോട് തുടങ്ങി വിവിധ ജില്ലകളിൽ വ്യാജ മേൽവിലാസത്തിലും മറ്റു പേരുകളിലും ആൾമാറാട്ടം നടത്തിയാണ് ഇയാൾ കഴിഞ്ഞിരുന്നത്.
ഇതിനിടയിൽ അജിമോൻ നൽകിയ ഒരു വ്യാജ മേൽവിലാസം വാകത്താനം പൊലീസിന്റെ കൈകളിൽ എത്തിച്ചേർന്നു. ഈ വിലാസത്തിലെ വിവരങ്ങളിൽ ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയമാണ് നിർണായകമായത്. തുടർന്ന് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് പതിറ്റാണ്ടുകൾക്ക് മുൻപ് കാണാതായ അജിമോനാണ് ഇയാളെന്ന് വ്യക്തമായത്.
തുടർന്ന് ചങ്ങനാശേരി ഡിവൈഎസ്പി എസ്.ആഷാദിന്റെ നേതൃത്വത്തിൽ വാകത്താനം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആദർശ്, സിപിഒമാരായ പ്രിതീഷ് പ്രസാദ്, അൻസാർ മുഹമ്മദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Source link



