ചേരാനല്ലൂർ അപകടം: പ്രായപൂർത്തിയാകാത്ത ഡ്രൈവർക്ക് ജാമ്യം, പോലീസിൻ്റെ നിർണായക നീക്കം

കൊച്ചി∙ ലൈസൻസില്ലാതെ കാറോടിച്ച് മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണന്റെ (55) മരണത്തിന് കാരണമായ പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം ലഭിച്ചു. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി ജഡ്ജിയുടെ മകനാണ് അപകടമുണ്ടാക്കിയത്. പ്രായപൂർത്തിയാകാത്ത ആൾക്ക് വാഹനം നൽകിയതിന് ജഡ്ജിക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇന്ന് പുലർച്ചെ 2.20-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
ഭാരതീയ ന്യായ സംഹിതയിലെ 281, 106 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്. പൊതുനിരത്തിൽ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകും വിധം അശ്രദ്ധമായി വാഹനം ഓടിച്ചതിന് ബിഎൻഎസ് 281-ാം വകുപ്പും, മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് ബിഎൻഎസ് 106 (1) വകുപ്പുമാണ് ചുമത്തിയിട്ടുള്ളത്. ഈ വകുപ്പുകൾ പ്രകാരം സ്റ്റേഷൻ ജാമ്യം ലഭിക്കാൻ അർഹതയുണ്ട്.
നിലവിൽ വാഹനാപകടം സംബന്ധിച്ച കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. തുടർനടപടികളിലും അന്വേഷണത്തിലും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കേസിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുമെന്നും പോലീസ് കൂട്ടിച്ചേർത്തു.




