MANORAMA

അഖിലേഷിന്റെ വാശിയിൽ രാഹുൽ വഴങ്ങി; സീറ്റ് ഉപേക്ഷിച്ചത് മടിയോടെയെന്ന് വെളിപ്പെടുത്തൽ

ലക്നൗ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി (എസ്പി) സഖ്യമുണ്ടായിരുന്നില്ലെങ്കിൽ ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ സ്ഥിതി പരുങ്ങലിലായേനെ എന്ന വെളിപ്പെടുത്തലുമായി പ്രതാപ്ഗഢിൽ നിന്നുള്ള എസ്പി എംപി ശിവ്പാൽ സിങ് പട്ടേൽ രംഗത്ത്. യുപിയിൽ ഒരു സീറ്റിൽ പോലും കോൺഗ്രസ് ജയിക്കില്ലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ മത്സരിക്കുന്നതിൽ നിന്ന് രാഹുൽ ഗാന്ധി പിന്മാറാൻ വരെ ഒരുപ്പെട്ടിരുന്നുവെന്നും, എന്നാൽ അഖിലേഷ് യാദവ് നൽകിയ ഉറപ്പിന്റെ പുറത്താണ് അദ്ദേഹം ജനവിധി തേടാൻ തയാറായതെന്നും ശിവ്പാൽ സിങ് പട്ടേൽ വ്യക്തമാക്കി. പിടിഐ വിഡിയോസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഉത്തർപ്രദേശിൽ കോൺഗ്രസിന് എല്ലാവിധ പിന്തുണയും നൽകിയത് സമാജ്‌വാദി പാർട്ടിയാണെന്ന് പട്ടേൽ ഓർമ്മിപ്പിച്ചു. കോൺഗ്രസ് മത്സരിച്ച സീറ്റുകളിലെല്ലാം എസ്പിയുടെ ഓരോ വോട്ടും അവർക്ക് ഉറപ്പായും ലഭിച്ചിരുന്നു. ഈ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് കോൺഗ്രസിന് ആറ് സീറ്റുകളിൽ വിജയിക്കാനായത്. എന്നാൽ 37 സീറ്റുകൾ സ്വന്തമാക്കിയ എസ്പി എല്ലാ അർത്ഥത്തിലും കോൺഗ്രസിനേക്കാൾ ബഹുദൂരം മുന്നിലാണെന്നും, അതിനാൽ അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കി മുന്നണ മര്യാദ പാലിച്ച് മുന്നോട്ടുപോകാൻ കോൺഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുപിയിൽ കോൺഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടാൽ അഖിലേഷ് യാദവിന്റെ നിലപാട് എന്തായിരിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വളരെ വ്യക്തമായ മറുപടിയാണ് പട്ടേൽ നൽകിയത്. ഉത്തർപ്രദേശിൽ തങ്ങളാണ് ‘വല്യേട്ടൻ’ എന്നും അതൊരു വലിയ യാഥാർത്ഥ്യമാണെന്നും കോൺഗ്രസ് നേതൃത്വം ഓർക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ സഖ്യം തുടരുന്നത് ഇരുപാർട്ടികൾക്കും ഗുണകരമാണെങ്കിലും, സഖ്യമില്ലെങ്കിൽ പോലും എസ്പിക്ക് വലിയ തിരിച്ചടികൾ ഒന്നും നേരിടേണ്ടി വരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഒരുപക്ഷേ സഖ്യം തകർന്നാൽ കോൺഗ്രസ് വീണ്ടും പൂജ്യത്തിലേക്ക് കൂപ്പുകുത്തുമെന്നും, വോട്ടുകൾ ഭിന്നിപ്പിക്കാൻ മാത്രമാണ് കോൺഗ്രസ് മത്സരിക്കുന്നതെന്ന് യുപിയിലെ ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും പട്ടേൽ മുന്നറിയിപ്പ് നൽകി.


Source link

Related Articles

Back to top button