MANORAMA
ചേരാനല്ലൂർ അപകടം: സ്റ്റേഷനിലെത്തി അഡിഷനൽ ജഡ്ജിയുടെ ഇടപെടൽ വിവാദത്തിൽ; പതിനേഴുകാരന്റെ പിതാവിനെതിരെ റിപ്പോർട്ട്

കൊച്ചി ∙ അമിതവേഗത്തിലെത്തിയ കാറിടിച്ച് തട്ടുകട ഉടമ മരിച്ച സംഭവത്തിൽ, കാറോടിച്ച പതിനേഴുകാരന്റെ പിതാവും അഡിഷനൽ ജഡ്ജിയുമായ ഉദ്യോഗസ്ഥനെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് പോർട്ട്ഫോളിയോ ജഡ്ജ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ചീഫ് ജസ്റ്റിസിന് കത്തയച്ചു. ജഡ്ജിയുടെ ഇടപെടൽ നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയെന്നാണ് കത്തിലെ പരാമർശം. ഔദ്യോഗിക കൃത്യനിർവഹണത്തിന് പുറമെ ഒരു ജുഡീഷ്യൽ ഓഫിസർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തുന്നത് സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാകും ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അന്തിമ തീരുമാനമെടുക്കുക. ഇന്ന് ഇതുസംബന്ധിച്ച നടപടികളുണ്ടാകും.
ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ്, അപകടം നടന്ന് 32 മണിക്കൂറുകൾക്ക് ശേഷം പൊലീസ് കേസെടുക്കാൻ തയ്യാറായത്. എന്നാൽ, ജഡ്ജിക്കെതിരെ നടപടിയെടുക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി ലഭിക്കാനുള്ള കാലതാമസം മാത്രമാണ് കേസെടുക്കുന്നതിൽ ഉണ്ടായതെന്നാണ് പൊലീസിന്റെ വിശദീകരണം. ജയബാലകൃഷ്ണന്റെ മക്കൾ ഇന്നലെയും ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മന്ത്രി രമേശ് ചെന്നിത്തല നേരിട്ടെത്തി അടിയന്തര നടപടികളുണ്ടാകുമെന്ന് ഉറപ്പുനൽകിയതിനെത്തുടർന്ന് രാത്രി ഒൻപത് മണിയോടെയാണ് സമരം അവസാനിപ്പിച്ചത്. ഇന്ന് എഡിജിപി പി.വിജയൻ കുടുംബത്തെ സന്ദർശിക്കും. മുഖ്യമന്ത്രി വി.ഡി.സതീശൻ ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയുമായി ഫോണിൽ സംസാരിച്ചു.




