ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിൽ: അരിയും സഹായവുമില്ലാതെ മുന്നോട്ട് പോകാനാവാതെ പൂട്ടലിലേക്ക്

പാലക്കാട് ∙ സിവിൽ സപ്ലൈസ് വകുപ്പിൽ നിന്ന് അരി ലഭിക്കുന്നതിനുള്ള പെർമിറ്റ് ലഭിക്കാതെ വന്നതോടെ സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിലേക്ക്. നഷ്ടം നികത്താനാകാതെ വന്നതോടെ പലയിടത്തും ഭക്ഷണവില വർധിപ്പിക്കേണ്ടി വരികയും, ചില കേന്ദ്രങ്ങൾ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുകയും ചെയ്തു. സാധാരണക്കാർക്കും തൊഴിലാളികൾക്കും കുറഞ്ഞ നിരക്കിൽ ഭക്ഷണം ഉറപ്പാക്കിയിരുന്ന ഈ ഹോട്ടലുകൾ വലിയ ആശ്വാസമായിരുന്നു. തുടക്കത്തിൽ 20 രൂപയ്ക്കും പിന്നീട് 30 രൂപയ്ക്കും ഊണ് നൽകിയിരുന്ന സ്ഥാനത്ത്, ഇപ്പോൾ സാധാരണ ഹോട്ടലുകൾക്ക് സമാനമായ തുക നൽകേണ്ട ഗതികേടിലാണെന്ന് ഉപഭോക്താക്കൾ പറയുന്നു.
മങ്കര, വല്ലപ്പുഴ, കൊപ്പം, തിരുവേഗപ്പുറ എന്നീ പഞ്ചായത്തുകളിൽ ജനകീയ ഹോട്ടലുകൾ പൂട്ടിക്കഴിഞ്ഞു. നിലവിൽ പ്രവർത്തിക്കുന്ന പല കേന്ദ്രങ്ങളും അടച്ചുപൂട്ടാനുള്ള ആലോചനയിലാണ്. മലമ്പുഴ പഞ്ചായത്തിലെ മന്തക്കാട്, കടുക്കാംകുന്നം എന്നിവിടങ്ങളിലെ രണ്ട് ഹോട്ടലുകളുടെയും വാടകയും വൈദ്യുതി, വെള്ളക്കരങ്ങളും പഞ്ചായത്തിൽ നിന്ന് ലഭിക്കാനുണ്ട്. ഇവിടെ 20 രൂപയുണ്ടായിരുന്ന ഊണിന്റെ വില 40 രൂപയായി ഉയർത്തി. മരുതറോഡ്, കൊടുമ്പ്, എലപ്പുള്ളി, പുതുശേരി എന്നിവിടങ്ങളിലെ ഹോട്ടലുകളും കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്.
മേലാർകോട്, കാഞ്ഞിരപ്പുഴ, കുമരംപുത്തൂർ, മണ്ണൂർ, ലക്കിടിപേരൂർ എന്നീ പഞ്ചായത്തുകളിലും ഹോട്ടലുകൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ആലത്തൂരിലെ അവസ്ഥയും വ്യത്യസ്തമല്ല. അലനല്ലൂർ പഞ്ചായത്തിലെ ജനകീയ ഹോട്ടലിൽ ഇപ്പോൾ 40 രൂപയാണ് ഭക്ഷണത്തിന് ഈടാക്കുന്നത്. എന്നാൽ പട്ടാമ്പി നഗരസഭയിൽ കെട്ടിട വാടക ഇല്ലാത്തതിനാൽ തടസ്സമില്ലാതെ പ്രവർത്തനം തുടരുന്നു. വടക്കഞ്ചേരിയിൽ കെട്ടിട വാടകയും വൈദ്യുതി ചാർജും പഞ്ചായത്ത് വഹിക്കുന്നതിനാൽ പ്രതിസന്ധികൾക്കിടയിലും ഹോട്ടൽ മുന്നോട്ടുപോകുന്നുണ്ട്. മുതുതല, ഓങ്ങല്ലൂർ പഞ്ചായത്തുകളിലും നഷ്ടം സഹിച്ചാണ് പ്രവർത്തനം. മുതുതലയിൽ ഉപഭോക്താക്കൾ കൂടുതൽ പണം നൽകി സഹകരിക്കുന്നത് ഹോട്ടൽ നടത്തിപ്പുകാർക്ക് വലിയ ആശ്വാസമായിട്ടുണ്ട്.




