MANORAMA

യുഎഇയെ സ്നേഹത്താലൊരുക്കി സഹോദരന്റെ സന്ദേശം; ജനങ്ങളെ അദ്ഭുതപ്പെടുത്തി ഷെയ്ഖ് മുഹമ്മദ്

ദുബായ്∙ ‘ലോകത്തിന്റെ മുഴുവൻ വീടാണ് ദുബായ്. ഇവിടെ കഴിയുന്ന ഓരോ മനുഷ്യനും ഇതൊരു സ്വന്തം വീടായി തന്നെ അനുഭവപ്പെടണം’– നഗരത്തിന്റെ വികസനക്കുതിപ്പിലും ഭാവി മുന്നേറ്റങ്ങളിലും നാം മുറുകെപ്പിടിക്കേണ്ട മാനവിക മൂല്യങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ഓർമിപ്പിക്കുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തന്റെ ‘ജീവിതപാഠങ്ങൾ’ എന്ന പുസ്തക പരമ്പരയുടെ രണ്ടാമത്തെ ഭാഗമായി പുറത്തുവന്ന ‘ദ് ലെറ്റേഴ്സ്’ (കത്തുകൾ) എന്ന പുതിയ കൃതിയിലൂടെയാണ്, ദുബായിയെ നെഞ്ചോട് ചേർത്തുപിടിക്കുന്ന ജനതയ്ക്കായി അദ്ദേഹം ഈ ഹൃദ്യമായ സന്ദേശം സമ്മാനിച്ചിരിക്കുന്നത്.

ഉത്തരവാദിത്തങ്ങൾ എക്കാലവും നിലനിൽക്കുന്നതാണെന്നും സഹജീവികളോടുള്ള സ്നേഹമാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ സർഗാത്മകത തെളിയിക്കാനുള്ള അവസരങ്ങളായും അനുഭവങ്ങളെ വലിയ പാഠങ്ങളായും കാണാൻ സാധിക്കണം. തൊഴിലാളികൾ മുതൽ ഉയർന്ന നേതാക്കൾ വരെയും, മാതാപിതാക്കളും അധ്യാപകരും ഡോക്ടർമാരും വ്യാപാരികളും ഭരണാധികാരികളും അടക്കം സമൂഹത്തിലെ ഓരോ വ്യക്തിക്കും അവരവരുടേതായ കൃത്യമായ ഉത്തരവാദിത്തങ്ങളുണ്ട്. ഈ ഉത്തരവാദിത്തബോധമാണ് മികച്ചൊരു സമൂഹത്തിന്റെ അടിത്തറ.

മനുഷ്യരെ ആദരിക്കുക എന്നതാണ് യഥാർത്ഥ നാഗരികതയുടെ കാതൽ. സ്ത്രീകളെയും മുതിർന്നവരെയും തൊഴിലാളികളെയും വ്യത്യസ്ത ചിന്താഗതി പുലർത്തുന്നവരെയും ഒരുപോലെ ബഹുമാനിക്കാൻ നമുക്ക് കഴിയണം. വലിയ കെട്ടിടങ്ങളുടെ ഉയരത്തിലല്ല, മറിച്ച് മനുഷ്യന്റെ ആത്മാഭിമാനത്തെ എത്രമാത്രം മാനിക്കുന്നു എന്നതിലാണ് യഥാർത്ഥത്തിൽ ഒരു നഗരത്തിന്റെ മികവ് അടയാളപ്പെടുത്തുന്നത്.

നാം ചെയ്യുന്ന കാര്യങ്ങളിലെ മികവാണ് ലോകത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സന്ദേശം. വിമാനത്താവളത്തിലെ ജീവനക്കാർ മുതൽ റോഡ് പണികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളും എൻജിനീയർമാരും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും അടങ്ങുന്ന ഈ സമൂഹത്തിലൂടെയാണ് ലോകം ദുബായിയെ നോക്കിക്കാണുന്നത്. നിർമിതബുദ്ധി (എഐ) ഉൾപ്പെടെയുള്ള കാലത്തിനനുസരിച്ചുള്ള ആധുനിക സാങ്കേതികവിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട്, ഓരോ ദിവസവും കൂടുതൽ തിളക്കമുള്ള പ്രവർത്തനങ്ങളിലൂടെ മുന്നേറാൻ നമുക്ക് സാധിക്കണം.


Source link

Related Articles

Back to top button