എഐ ഉപയോഗിച്ച് സ്വന്തം മരണാനന്തര ചിത്രം; ഒരു വർഷം നീണ്ട ഒളിച്ചോട്ടത്തിനൊടുവിൽ പിടിയിലായി കൊലക്കേസ് പ്രതി

ലക്നൗ∙ നിയമനടപടികളിൽനിന്ന് തലയൂരാൻ വിചിത്രമായ മാർഗവുമായി കൊലക്കേസ് പ്രതി രംഗത്ത്. താൻ മരിച്ചുപോയെന്ന് വരുത്തിത്തീർക്കാൻ സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ വ്യാജ ചിത്രങ്ങൾ നിർമിച്ച് ഇയാൾ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഉത്തർപ്രദേശിലെ മൗ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രാജ് കുമാർ രാജ്ഭർ എന്നയാളാണ് നിർമിത ബുദ്ധി അഥവാ എഐ (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ മരണാനന്തര ചിത്രങ്ങൾ തയ്യാറാക്കിയത്.
2016 ഡിസംബർ 19-നാണ് യോഗേഷ് സിങ് എന്ന വ്യക്തി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിൽ രാജ് കുമാറിനൊപ്പം സുഹൃത്തായ സുദർശനും പ്രതിയാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ നിരവധി ആളുകളിൽനിന്ന് രാജ് കുമാർ വൻ തുക പിരിച്ചെടുത്തിരുന്നു. ഈ പണം തിരികെ നൽകേണ്ടി വരുമോ എന്ന ഭയവും ഒപ്പം നിയമനടപടികളിൽ നിന്നുള്ള രക്ഷപ്പെടലും ലക്ഷ്യമിട്ടാണ് ഇയാൾ ഇത്തരമൊരു മരണനാടകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.
(Disclaimer: ഈ ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @PawanGoswami011 എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)




