തൊണ്ടിമുറിയിൽ ലഹരിമരുന്ന് ഒളിപ്പിച്ച സംഭവം: എസ്ഐ പിടിയിൽ, കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

കൊച്ചി ∙ പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുറിയിൽ സൂക്ഷിച്ചിരുന്ന മാരക ലഹരിമരുന്ന് മോഷ്ടിച്ചതിന് എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ അനസ് എസ്.തൗഫീഖാണ് കേസിൽ കുടുങ്ങിയത്. സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ, തൊണ്ടിമുറിയിൽ കയറിവന്ന എസ്ഐയുടെ പാന്റ്സ് പോക്കറ്റിൽ അസ്വാഭാവികമായ തടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉന്നത ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. തുടർന്നു നടത്തിയ പരിശോധനയിൽ 87 ഗ്രാം എംഡിഎംഎ കാണാനില്ലെന്ന് ബോധ്യമായി.
താൻ കുടുങ്ങിയെന്ന് തിരിച്ചറിഞ്ഞതോടെ, മോഷ്ടിച്ച സാധനം തിരികെ ഏൽപ്പിക്കാൻ അനസ് ശ്രമിച്ചു. എന്നാൽ, കാണാതായ 87 ഗ്രാമിനു പകരം 202 ഗ്രാം ലഹരിമരുന്നാണ് ഇയാൾ തിരികെ നൽകിയത്. ഇത്രയും അധികം ലഹരിമരുന്ന് എവിടെനിന്ന് ലഭിച്ചു എന്നതും, ആർക്കുവേണ്ടിയാണ് ഇത് കടത്താൻ ശ്രമിച്ചത് എന്നതും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെ, അനസ് ഏൽപ്പിച്ച സീൽ ചെയ്യാത്ത കവറിലുണ്ടായിരുന്ന 202 ഗ്രാം വസ്തു ലഹരിമരുന്ന് തന്നെയാണോ എന്ന് ഉറപ്പാക്കാൻ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിവരികയാണ്. കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ചോദ്യം ചെയ്യലുമായി അനസ് ഒട്ടും സഹകരിക്കുന്നില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. അനസിനെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. തൃപ്പൂണിത്തുറ ഹിൽ പാലസ് സ്റ്റേഷനിൽ പ്രൊബോഷൻ എസ്ഐയായിരുന്ന അനസ്, രണ്ട് മാസം മുമ്പാണ് സെൻട്രൽ സ്റ്റേഷനിൽ ചുമതലയേറ്റത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ ‘ഓപ്പറേഷൻ തൂഫാൻ’ ഉൾപ്പെടെയുള്ള പരിപാടികളിൽ സജീവമായിരുന്ന ഉദ്യോഗസ്ഥനാണ് ഇയാൾ.
അനസിന് ലഹരി മാഫിയകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. നഗരത്തിലെ ഇയാളുടെ ഇടപാടുകളും ബന്ധങ്ങളും പരിശോധിച്ചുവരികയാണ്. നേരത്തെ സേവനമനുഷ്ഠിച്ചിരുന്ന തൃപ്പൂണിത്തുറ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.




