നെടുമ്പാശേരി കാർ അപകടം: സുഹൈൽ ഉൾപ്പെടെയുള്ള പ്രതികൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി

കൊച്ചി ∙ നെടുമ്പാശ്ശേരിയിൽ ആഡംബര കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതികൾ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കേസിലെ മൂന്നാം പ്രതിയായ പത്തൊമ്പതുകാരൻ ജോയൽ ഹൈക്കോടതിയിൽ ജാമ്യത്തിനായി അപേക്ഷ നൽകി. മറ്റു പ്രതികളായ സുഹൈൽ സജീവ്, നിനവ്, അമീർ എന്നിവരും വരുംദിവസങ്ങളിൽ ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം. അതേസമയം, കേസിൽ പ്രതികളായ നാലുപേരെയും അങ്കമാലി മജിസ്ട്രേറ്റ് കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് അഞ്ചുമണി വരെയാണ് പ്രതികൾ പൊലീസിന്റെ കസ്റ്റഡിയിലുണ്ടാവുക.
വാഹനം ഓടിച്ചിരുന്ന സുഹൈലിന്റെ രക്തപരിശോധനയിൽ മദ്യത്തിന്റെ അളവ് പരിധിയേക്കാൾ അഞ്ചിരട്ടി അധികമാണെന്ന് തെളിഞ്ഞിരുന്നു. അപകടസമയത്ത് കാർ 150 മുതൽ 160 കിലോമീറ്റർ വരെ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത് എന്നതും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കാറിന്റെ വേഗത പകർത്തിയ പ്രതികളുടെ വീഡിയോ ദൃശ്യങ്ങളും പൊലീസിന് നിർണ്ണായക തെളിവായി ലഭിച്ചു. കൂടാതെ, അപകടത്തിന് പിറ്റേന്ന് ജോയൽ സുഹൃത്തിനയച്ച ശബ്ദസന്ദേശവും അന്വേഷണ സംഘം കണ്ടെടുത്തു. തങ്ങൾ മൂന്നുപേരെ ഇടിച്ചുവീഴ്ത്തിയ വിവരങ്ങൾ ഈ സന്ദേശത്തിൽ ഉൾപ്പെട്ടിരുന്നു. ഈ ഗൗരവകരമായ സാഹചര്യങ്ങൾ വിലയിരുത്തിയാണ് സെഷൻസ് കോടതി നേരത്തെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.
കസ്റ്റഡിയിലുള്ള പ്രതികളുമായി ചേർന്ന് അപകടം നടന്ന സ്ഥലത്തെ ദൃക്സാക്ഷികളെ നേരിൽക്കണ്ട് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം. ലഭിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ, പ്രതികളുടെ ഫോൺ രേഖകൾ എന്നിവ മുൻനിർത്തി കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനും പൊലീസ് പദ്ധതിയിടുന്നുണ്ട്. എന്നാൽ, വ്യാജതെളിവുകൾ ചമയ്ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് പ്രതിഭാഗം കസ്റ്റഡിയിൽ വിടുന്നതിനെ കോടതിയിൽ ശക്തമായി എതിർത്തിരുന്നു.




