അർണബ് ചുഴലിക്കാറ്റ് തീവ്രമാകുന്നു; നാളെ കരതൊടും, തീരങ്ങളിൽ അതീവ ജാഗ്രത, ട്രെയിൻ സർവീസുകൾ റദ്ദാക്കി

വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അർണബ്’ ചുഴലിക്കാറ്റ് അതിതീവ്ര സ്വഭാവം കൈവരിച്ച് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുകയാണ്. കഴിഞ്ഞ ആറ് മണിക്കൂറായി പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലാണ് ഈ പ്രതിഭാസം സഞ്ചരിക്കുന്നത്. നാളെ ഉച്ചയോടെ വിശാഖപട്ടണത്തിനും ബാപ്പറ്റ്ലയ്ക്കും ഇടയിലുള്ള തീരപ്രദേശത്ത് ചുഴലിക്കാറ്റ് കരകയറുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ കണക്കുകൂട്ടുന്നത്. കരതൊടുന്ന വേളയിൽ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും, ചിലപ്പോൾ ഇതിന്റെ വേഗത 140 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഇന്ന് വൈകുന്നേരം മുതൽ നാളെ വൈകുന്നേരം വരെയുള്ള സമയങ്ങളിൽ വടക്കൻ തമിഴ്നാട് തീരത്തും സമീപ പ്രദേശങ്ങളിലും മോശം കാലാവസ്ഥയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇടയ്ക്കിടെ കാറ്റിന്റെ വേഗത 60 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ട്. പിന്നീട് കാറ്റിന്റെ തീവ്രത ക്രമേണ കുറഞ്ഞു വരും. നാളെ പുലർച്ചെ മുതൽ തെക്കൻ ഒഡീഷയിലെ ഗജപതി, ഗഞ്ചം, കോരാപുട്ട്, റായഗഡ, മൽക്കാൻഗിരി തുടങ്ങിയ ജില്ലകളിലും, ഛത്തീസ്ഗഡിലെ ദന്തേവാഡ, സുക്മ, ബസ്തർ, ബിജാപൂർ ജില്ലകളിലും, തെലങ്കാനയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിലെ ഖമ്മം, മുലുഗു, ഭദ്രാദ്രി കൊത്തഗുഡേം, മഹബൂബാബാദ് തുടങ്ങിയ ജില്ലകളിലും മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും, ചില സമയങ്ങളിൽ 80 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചു. കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.



