MANORAMA

തേനി ജയിലിൽ തടവുകാരുടെ നാടകം; അപസ്മാരം അഭിനയിച്ച് രക്ഷപ്പെട്ടത് കൂട്ടത്തോടെ, ഇടുക്കി അതിർത്തിയിൽ അതീവ ജാഗ്രത

മധുര: തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള തേക്കംപെട്ടി ജയിലിൽ നിന്ന് വിചാരണത്തടവുകാരായ 17 പേർ തന്ത്രപൂർവം രക്ഷപ്പെട്ട സംഭവം ഞെട്ടലോടെയാണ് അധികൃതർ നോക്കിക്കാണുന്നത്. ജയിലിലുണ്ടായിരുന്ന ഒരു തടവുകാരൻ പെട്ടെന്ന് അപസ്മാരം ഉണ്ടായതുപോലെ അഭിനയിച്ചു ഉദ്യോഗസ്ഥരെ കബളിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് സെൽ തുറന്ന ഉദ്യോഗസ്ഥരെ തടവുകാർ ആക്രമിക്കുകയും തുടർന്ന് കൂട്ടത്തോടെ രക്ഷപ്പെടുകയുമായിരുന്നു.

ജയിൽ ചാടിയവരിൽ നാലുപേരെ പോലീസ് ഇതിനകം പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവർ ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അതിർത്തികളിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പ്രതികളെ വലയിലാക്കാൻ 17 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായി ഐജി വിജയേന്ദ്ര ബിദാരി വ്യക്തമാക്കി. ഡിണ്ടിഗൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 16 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. രക്ഷപ്പെട്ടവരുടെ ഫോട്ടോകളും വിവരങ്ങളും കേരള പോലീസിന് കൈമാറിയിട്ടുമുണ്ട്. സംഭവത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

ഇടുക്കിയിൽ അതീവ ജാഗ്രത

അതിർത്തി ഗ്രാമങ്ങളിൽ പോലീസ് തെരച്ചിൽ കർശനമാക്കി. കമ്പം, കമ്പംമെട്ട്, ബോഡിമെട്ട് തുടങ്ങിയ പാതകളിൽ വാഹന പരിശോധന നടത്തി വരികയാണ്. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം നൽകി.

Source link

Related Articles

Back to top button