MANORAMA

ചേരാനല്ലൂർ അപകടം: മുഖ്യമന്ത്രിയുടെ ഇടപെടൽ, സമരം പിൻവലിച്ച് ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി ചേരാനല്ലൂരിലുണ്ടായ കാറപകടത്തിൽ ജയബാലകൃഷ്ണൻ (55) കൊല്ലപ്പെട്ട സംഭവത്തിൽ നടത്തിവന്ന സമരം ബന്ധുക്കൾ താൽക്കാലികമായി പിൻവലിച്ചു. മുഖ്യമന്ത്രി നേരിട്ട് ജയബാലകൃഷ്ണന്റെ മകളോടും കുടുംബാംഗങ്ങളോടും സംസാരിച്ചതിനെ തുടർന്നാണ് തീരുമാനം. കുടുംബത്തിന് പൂർണ പിന്തുണ നൽകുമെന്നും കേസിൽ അർഹമായ നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഇവർക്ക് ഉറപ്പുനൽകി.

പ്രായപൂർത്തിയാകാത്ത 17കാരൻ ഓടിച്ച കാറിടിച്ച് ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ, പ്രതിയുടെ പിതാവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുക, പ്രതിക്ക് ലഭിച്ച ജാമ്യം റദ്ദാക്കുക, പ്രതിയുടെ ചിത്രം ബലമായി ഡിലീറ്റ് ചെയ്യിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിൽ കുടുംബം ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത്.

തുടർച്ചയായ പ്രതിഷേധങ്ങളെത്തുടർന്ന്, പ്രതിയുടെ പിതാവായ അഡീഷനൽ ജില്ലാ ജഡ്ജിക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ 199-ാം വകുപ്പ് പ്രകാരം പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാൽ, പ്രായപൂർത്തിയാകാത്ത മകനെ കാറോടിക്കാൻ അനുവദിച്ചതിലൂടെ ഒരാളുടെ മരണത്തിന് കാരണക്കാരനായ പിതാവിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

തങ്ങളുടെ ബന്ധു പകർത്തിയ പ്രതിയുടെ ദൃശ്യങ്ങൾ, ജഡ്ജിക്കൊപ്പമുണ്ടായിരുന്നവർ പൊലീസിന്റെ സഹായത്തോടെ നിർബന്ധപൂർവം ഡിലീറ്റ് ചെയ്യിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. ഇവർക്കെതിരെയും കർശന നടപടി വേണം. കാറോടിക്കാൻ അനുവദിച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ‘നിയമം പഠിപ്പിക്കേണ്ട’ എന്ന് ജഡ്ജി തങ്ങളോട് അപമര്യാദയായി സംസാരിച്ചുവെന്ന് മകൾ ഭദ്ര കീർത്തി വെളിപ്പെടുത്തി. തങ്ങൾ സാധാരണക്കാരായ തട്ടുകടക്കാരുടെ മക്കളായതുകൊണ്ട് പണവും സ്വാധീനവും ഉപയോഗിച്ച് കേസിൽ നിന്ന് രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടെന്നും ഭദ്ര കീർത്തി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിഷേധക്കാരുമായി ഡിസിപി അരുൺ കെ. പവിത്രൻ ചർച്ച നടത്തി പൊലീസിന്റെ നടപടിക്രമങ്ങൾ വിശദീകരിച്ചിരുന്നു. എന്നാൽ തെളിവുകൾ നശിപ്പിക്കാനാണ് പൊലീസ് കൂട്ടുനിൽക്കുന്നതെന്ന് കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികളും പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

Source link

Related Articles

Back to top button