തെരുവുനായ്ക്കളെ ദത്തെടുക്കാൻ ഇനി ആപ്പ്; ബ്രഹ്മപുരത്ത് പുതിയ ഷെൽറ്ററും കർശന ചട്ടങ്ങളും വരുന്നു

കൊച്ചി ∙ ബ്രഹ്മപുരത്തെ തെരുവുനായ സംരക്ഷണ കേന്ദ്രം പുതുക്കിയ പ്ലാനിന്റെ അടിസ്ഥാനത്തിൽ അതിവേഗം നിർമ്മാണം ആരംഭിക്കും. നിലവിൽ ഒരു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. അധികമായി തുക ആവശ്യമെങ്കിൽ കോർപറേഷന്റെ സ്വന്തം ഫണ്ടിൽ നിന്ന് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെയുണ്ടായിരുന്ന നാല് ഏക്കറിനു പുറമേ ഒരേക്കർ സ്ഥലം കൂടി ഏറ്റെടുത്താണ് ഈ ആധുനിക ഷെൽറ്റർ ഒരുക്കുന്നത്. ആകെ അഞ്ച് ഏക്കറിൽ നടപ്പിലാക്കുന്ന പദ്ധതികൾക്കായി കേന്ദ്ര സർക്കാരിന്റെ അർബൻ ചാലഞ്ച് ഫണ്ടിൽ നിന്ന് 60 കോടി രൂപ ലഭിക്കുന്നതിനായി കോർപറേഷൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
തെരുവുനായ്ക്കളെ ദത്തെടുക്കാനും പരിപാലിക്കാനും അവസരമൊരുക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ രണ്ടു മാസത്തിനുള്ളിൽ പുറത്തിറക്കാൻ കോർപറേഷൻ നടപടികൾ തുടങ്ങിക്കഴിഞ്ഞു. നായ്ക്കളെ ഏറ്റെടുക്കുന്നവർക്ക് ജിയോ ടാഗ് സംവിധാനത്തിലൂടെയാകും കൈമാറുക; ഇവരുടെ പരിപാലനം തുടർച്ചയായി നിരീക്ഷിക്കുകയും ചെയ്യും. നായ്ക്കളെ പരിപാലിക്കുന്നവർക്ക് ഭക്ഷണച്ചെലവിലേക്കായി പ്രതിദിനം 40 രൂപ വീതം നൽകുന്ന കാര്യവും കോർപറേഷന്റെ സജീവ പരിഗണനയിലുണ്ട്. ഇതിനായി ആപ്പ് വഴി പൊതുജനങ്ങളിൽ നിന്നും മൃഗസ്നേഹികളിൽ നിന്നും സഹായധനം സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്.




