MANORAMA

ബൈപാസ് വന്നതോടെ ഭൂമിക്ക് പൊന്നുംവില; തണ്ണീർത്തടങ്ങൾ പോലും നികത്തി വൻഭൂമാഫിയയുടെ തട്ടിപ്പ്

പേരാമ്പ്ര ∙ ബൈപാസിന് ഇരുവശവുമുള്ള തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. രാഷ്ട്രീയ കക്ഷികളും നാട്ടുകാരും ഇതിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. കൃഷിഭൂമി തരംമാറ്റത്തിന് അനുമതി ലഭിച്ചവയും അല്ലാത്തതുമായ സ്ഥലങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ മണ്ണിട്ട് നികത്തുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഏക്കർ കണക്കിന് ഭൂമിയാണ് ഇത്തരത്തിൽ നികത്തിയത്. ഇതിനു പിന്നിൽ ഭൂമാഫിയകളുടെ ശക്തമായ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. 2023-ൽ പേരാമ്പ്ര ബൈപാസ് നിലവിൽ വന്നതോടെയാണ് ഈ പ്രദേശങ്ങളിലെ ഭൂമിയുടെ മൂല്യം കുത്തനെ ഉയർന്നത്. ഇതോടെ കൃഷിയൊന്നും നടക്കാതിരുന്ന വയൽ പ്രദേശങ്ങൾ പോലും മണ്ണിട്ട് നികത്തി മറിച്ചുവിൽക്കാനുള്ള നീക്കങ്ങൾ സജീവമായിരിക്കുകയാണ്. ഇതിനായി പ്രത്യേക സംഘം തന്നെ പേരാമ്പ്രയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.

രാത്രികാലങ്ങളിൽ നടക്കുന്ന ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ പ്രസിഡന്റ് റവന്യു അധികൃതരോട് ആവശ്യപ്പെട്ടു. അനുമതിയില്ലാതെ നികത്തിയ സ്ഥലങ്ങൾ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് റവന്യു ഉദ്യോഗസ്ഥർ ഉറപ്പുനൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തുങ്കര ഇബ്രാഹിം, സെക്രട്ടറി ആർ.ജെ. അബ്ദുല്ല മിഥിലാജ്, ആർ.കെ. രജീഷ് കുമാർ, വി.കെ. നാസിദ, കെ.എം. ശ്രീനിവാസൻ, കെ.പി. യൂസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയും തുടർന്ന് തഹസിൽദാർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും.

‘മണ്ണിട്ട് നികത്തുന്നത് റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ’

പേരാമ്പ്ര ∙ ബൈപാസ് റോഡിന്റെ ഇരുവശങ്ങളിലും നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് തണ്ണീർത്തടങ്ങൾ നികത്തുന്നത് റവന്യു ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണെന്ന് ബിജെപി മേഖല ജനറൽ സെക്രട്ടറി എം. മോഹനൻ ആരോപിച്ചു. നികത്തിയ സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായി പരാതികൾ നൽകിയിട്ടും ഭരണസമിതികൾ ഈ വിഷയത്തിൽ അലംഭാവം തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റവന്യു അധികൃതർ അടിയന്തരമായും ശക്തമായും ഇടപെടാൻ തയ്യാറായില്ലെങ്കിൽ വൻ ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജില്ലാ സെക്രട്ടറിമാരായ കെ.കെ. രജീഷ്, തറമ്മൽ രാഗേഷ്, മണ്ഡലം പ്രസിഡന്റ് ഡി.കെ. മനു, പേരാമ്പ്ര പഞ്ചായത്ത് അംഗം ബിനു നാഗത്ത്, ജൂബിൻ ബാലകൃഷ്ണൻ, കെ.കെ. സജീവൻ, കെ.എം. ധനേഷ്, കെ.എം. ബാലകൃഷ്ണൻ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Source link

Related Articles

Back to top button