MANORAMA

സിംഗപ്പൂരേയ്ക്ക് ഇന്ത്യയുടെ വൈദ്യുതി പ്രവാഹം; കടലല്ല, മൂന്ന് രാജ്യങ്ങളിലൂടെ 3000 കിലോമീറ്റർ കരമാർഗം പവർകനാൽ

തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യമായ സിംഗപ്പൂരിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ. ഇതിനായി ഇരുരാജ്യങ്ങളെയും തമ്മിൽ കരമാർഗം ബന്ധിപ്പിച്ചുകൊണ്ട് 3,000 കിലോമീറ്റർ നീളത്തിൽ പുതിയ പവർ ലൈൻ സ്ഥാപിക്കുന്ന കാര്യം ഗൗരവമായി പരിഗണിച്ചുവരികയാണ്. ആസിയാൻ പവർ ഗ്രിഡ് പദ്ധതിയുടെ ഭാഗമായുള്ള ഈ ഉദ്യോഗത്തിലൂടെ 2,000 മെഗാവാട്ട് വൈദ്യുതിയാണ് കൈമാറാൻ ലക്ഷ്യമിടുന്നത്.

മണിപ്പൂരിലെ ഇംഫാലിൽ തുടങ്ങി മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങൾ വഴി സിംഗപ്പൂരുമായി കരമാർഗം വൈദ്യുതി ബന്ധം സാധ്യമാക്കാനാകുമോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഊർജ മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര ഊർജ സഹമന്ത്രി ശ്രീപദ് യെസോ നായിക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2035 ആകുമ്പോഴേക്കും 6 ഗിഗാവാട്ട് പുനരുപയോഗ ഊർജം ഇറക്കുമതി ചെയ്യാൻ സിംഗപ്പൂർ തയാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുമായുള്ള ഈ പുതിയ നീക്കം.

പദ്ധതി യാഥാർത്ഥ്യമായാൽ ഇന്ത്യയിൽ നിന്ന് നേരിട്ട് സിംഗപ്പൂരിലേക്ക് വൈദ്യുതി എത്തിക്കാൻ സാധിക്കും. ഇത് ഈ മേഖലയിലെ മൊത്തത്തിലുള്ള ഊർജ സുരക്ഷയ്ക്ക് വലിയ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുനരുപയോഗ ഊർജ പദ്ധതികളുടെ നടത്തിപ്പ്, ഗ്രിഡ് സംയോജനം (ഗ്ര്രിഡ് ഇന്റഗ്രേഷൻ), ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ മേഖലകളിലെ സാങ്കേതിക വിദ്യകൾ കൈമാറാനും ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ പവർ ഗ്രിഡ് കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെയ്പ്പുകൾ. നിലവിൽ ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ നേരിട്ട് വൈദ്യുതി കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിനുപുറമേ ശ്രീലങ്കയെയും ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. കൂടാതെ, ഇന്ത്യൻ പവർ ഗ്രിഡിനെ സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയുടെ ആകെ വൈദ്യുതി ഉൽപാദന ശേഷി 558.8 ജിഗാവാട്ടാണ്. ഇതിൽ 308 ജിഗാവാട്ട് വൈദ്യുതിയും ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്നാണ് ഉൽപാദിപ്പിക്കുന്നത്. അതായത് രാജ്യത്തെ ആകെ ഉൽപാദനത്തിന്റെ 55 ശതമാനവും ഹരിത ഊർജമാണ്. പാരീസ് ഉടമ്പടി പ്രകാരം 2030ഓടെ ആകെ വൈദ്യുതി ഉൽപാദനത്തിന്റെ 50 ശതമാനം മാത്രമാണ് ഫോസിൽ ഇതര ഇന്ധനങ്ങളിലേക്ക് മാറ്റേണ്ടിയിരുന്നത്. എന്നാൽ ലക്ഷ്യം നിശ്ചയിച്ച തീയതിക്കും വർഷങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യ ഈ നേട്ടം കൈവരിച്ചതായും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.


Source link

Related Articles

Back to top button