MANORAMA

എൽനിനോയുടെ പിടിയിൽ യുഎഇ; ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്

അബുദാബി ∙ യുഎഇയിൽ അനുഭവപ്പെടുന്ന കടുത്ത ചൂടിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കി എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ രംഗത്ത്. രാജ്യത്ത് സാധാരണ രേഖപ്പെടുത്താറുള്ളതിനേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ അധിക ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായ് റേഡിയോയിലെ പ്രത്യേക പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (എൻസിഎം) കണക്കുകൾ പ്രകാരം ഒക്ടോബർ ആദ്യവാരത്തിൽ 35 ഡിഗ്രി സെൽഷ്യസ് ചൂടാണ് പ്രതീക്ഷിക്കേണ്ടതെങ്കിലും, പല പ്രദേശങ്ങളിലും താപനില 37 മുതൽ 43 ഡിഗ്രി വരെയാണ് ഉയർന്നുനിൽക്കുന്നത്. ഉയർന്ന താപനിലയോടൊപ്പം അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വർധിക്കുന്നതും ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്. തീരദേശങ്ങളിൽ 80 ശതമാനത്തിലേറെയും ഉൾനാടുകളിൽ 70 ശതമാനത്തിലധികവും ഹ്യുമിഡിറ്റി അനുഭവപ്പെടാൻ സാധ്യതയുണ്ട്. കൂടാതെ, ഒക്ടോബർ, നവംബർ മാസങ്ങളിലായി പത്തോളം ദിവസങ്ങളിൽ പുലർച്ചെ സമയത്ത് കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എൽനിനോ എന്നത് തികച്ചും സ്വാഭാവികമായ ഒരു കാലാവസ്ഥാ പ്രതിഭാസമാണെന്നും, ഇത് ഓസോൺ പാളിയുടെ തകർച്ച പോലെയുള്ള ഗുരുതരമായ പാരിസ്ഥിതിക പ്രശ്നമല്ലെന്നും അൽ ജർവാൻ ഓർമ്മിപ്പിച്ചു. എങ്കിലും വരുന്ന നവംബറോടെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. പ്രാദേശിക കലണ്ടർ പ്രകാരമുള്ള ‘ദുർ അൽ സബീൻ’ കാലഘട്ടത്തിലേക്ക് രാജ്യം കടക്കുന്നതോടെ അന്തരീക്ഷം കൂടുതൽ തണുപ്പിലേക്ക് വഴിമാറും. തുടർന്ന് ലഭിക്കുന്ന മഴയും ശക്തമായ കാറ്റും ചൂട് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎഇയിൽ ഈ വർഷം കനത്ത ചൂട് നീണ്ടുനിൽക്കുമെന്ന് എൻസിഎമ്മിലെ മുതിർന്ന കാലാവസ്ഥാ വിദഗ്ധനായ ഡോ. അഹമ്മദ് ഹബീബും നേരത്തെ വ്യക്തമാക്കിയിരുന്നു.


Source link

Related Articles

Back to top button