മൈസൂർ ദസറ ഒരുക്കങ്ങൾ പൂർത്തി; ജംബുസവാരിയും പഞ്ചിന കവായത്തും കാണാൻ പുറപ്പെട്ടാലോ

മൈസൂരു കൊട്ടാരത്തിനടുത്ത റൗണ്ട് എബൗട്ടിൽനിന്ന് വലത്തോട്ടുള്ള റോഡിലേക്കു വണ്ടി കയറിയപ്പോഴേക്കും വലതുവശത്തുകൂടി ഒരു ബൈക്ക് വന്ന് മുന്നിൽ ചാടി. ‘സാർ, റൂംസ്… സൈറ്റ് സീയിങ്…’ ഞങ്ങൾ നിഷാദ് ബാഗിലേക്കുള്ള വഴി ഏതാണെന്നു ചോദിച്ചു. മറുചോദ്യം കന്നടച്ചുവയുള്ള മലയാളത്തിൽ–‘കേരളത്തിൽ എവിടെയാ…?’ മലപ്പുറം എന്നു പറഞ്ഞപ്പോഴേക്കും ‘മലപ്പുറം… കുഞ്ഞാലിക്കുട്ടി…’ നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരന്റെ പേരറിയുന്ന, മലയാളം സംസാരിക്കുന്ന കന്നടക്കാരൻ! ചോദിച്ചപ്പോൾ ആള് മൈസൂരുകാരൻ തന്നെ, ഖാലിദ്. ടൂറിസ്റ്റ് ഗൈഡാണ്. 14 വർഷമായി മലയാളികളെയടക്കം മൈസൂരു നഗരം ചുറ്റികാണിച്ചു പഠിച്ചെടുത്തതാണ് നമ്മുടെ ഭാഷ. മൈസൂരുവിൽ കാണേണ്ടതും അറിയേണ്ടതും കഴിക്കേണ്ടതുമായതെല്ലാം ഒറ്റ ശ്വാസത്തിലയാൾ വിവരിച്ചു.
ഇനി ഖാലിദിനെപ്പോലുള്ളവരുടെ കൊയ്ത്തുകാലമാണ്. മൈസൂരു ദസറയ്ക്ക് 11ന് തുടക്കമാകുകയാണ്.
ഇത്തവണത്തെ സ്പെഷൽ ‘കംബള’ (പോത്തോട്ടം)
∙ തീയതി: 18, 19
∙ വേദി: വിശ്വേശ്വരയ്യ ടെക്നോളജിക്കൽ സർവകലാശാലയ്ക്കു (വിടിയു) സമീപത്തെ മൈതാനം, സാത്ത്കള്ളി (മൈസൂർ പാലസിൽനിന്ന് 8.5 കി.മീ)
കർണാടകയുടെ നാടൻ കായികവിനോദം ദസറയിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യമായാണ്. അതിനായി 2 ട്രാക്കുകൾ ഒരുക്കുന്നുണ്ട്. കോൺക്രീറ്റിനു മുകളിൽ പാറപ്പൊടി വിതറി, അതിനു മുകളിൽ വെള്ളവും ചെളിയും നിറച്ചാണ് ട്രാക്കുകൾ തയാറാക്കുന്നത്. 300 മീറ്റർ നീളമുള്ള ട്രാക്കിൽ പോത്തുകളുടെ ജോഡിയെ ഓടിക്കും. കാളപ്പൂട്ട് പോലെ വട്ടത്തിലല്ല, മറിച്ച് നീളത്തിലാണ് മത്സരം. ടൈം ട്രയൽ മാതൃകയിൽ ഏറ്റവും കുറഞ്ഞ സമയത്ത് എത്തുന്നവർ വിജയികളാകും. 600 ജോഡി പോത്തുകൾ മത്സരിക്കുമെന്ന് സുരക്ഷയ്ക്കായുള്ള പൊലീസുകാരൻ വ്യക്തമാക്കി. കാഴ്ചക്കാർക്കായി പ്രത്യേക ഗാലറിയും ഒരുങ്ങുന്നുണ്ട്.
എന്നും സ്പെഷൽ ജംബു (ജംബോ) സവാരി
∙ തീയതി: 21ന് വൈകിട്ട് 4.35
∙ വേദി: മൈസൂരു വൊഡയാർ കൊട്ടാരത്തിൽനിന്ന് ബന്നി മണ്ഡപം വരെ (5 കിലോമീറ്റർ)
മൈസൂരു ദസറയുടെ ഏറ്റവും വലിയ ആകർഷണമാണിത്. വർണാഭമായ അലങ്കാരങ്ങളോടെ 12 ആനകളാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. പ്രധാന ആനയുടെ പുറത്ത് ചാമുണ്ഡേശ്വരി ദേവിയുടെ 750 കിലോഗ്രാം തൂക്കം വരുന്ന സ്വർണ വിഗ്രഹവുമുണ്ടാകും. കൊട്ടാരത്തിലെ ബലരാമ കവാടത്തിൽനിന്ന് ആരംഭിച്ച് കെ.ആർ.സർക്കിൾ, ദേവരാജ മാർക്കറ്റ്, സയ്യാജി റാവു റോഡ് വഴി ബന്നി മണ്ഡപത്തിൽ ഘോഷയാത്ര സമാപിക്കും. ഇതിൽ അൻപതിലേറെ ഭീമൻ പ്ലോട്ടുകളും വിവിധ കലാരൂപങ്ങളും ഉണ്ടാകും. ഇത്തവണ അയൽസംസ്ഥാനങ്ങളുടെ പ്ലോട്ടുകളും ഇതിന്റെ ഭാഗമാകുന്നുണ്ട്. വൈകിട്ടാണ് ഘോഷയാത്രയെങ്കിലും മികച്ച കാഴ്ചയ്ക്കായി രാവിലെതന്നെ പാതയോരങ്ങളിൽ ആളുകൾ സ്ഥംപിടിക്കേണ്ടി വരും. ജംബു സവാരിക്കുള്ള ആനകളെ മാസങ്ങൾക്കു മുൻപേ കൊട്ടാരത്തിലെത്തിച്ച് പരിശീലനം നൽകി വരുന്നുണ്ട്. ആനകളുടെ പാപ്പാന്മാരെ കുടുംബസമേതമാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബത്തിന്റെ ആരോഗ്യം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും കൊട്ടാര പരിസരത്ത് ഒരുക്കാറുണ്ടെന്ന് മലയാളി സമാജം പ്രവർത്തകൻ എം.സുരേഷ് ബാബു പറഞ്ഞു.
പന്തം ഷോ എന്ന പഞ്ജിന കവായത്ത്
∙ തീയതി : 21ന് വൈകിട്ട് 7.30ന്
∙ വേദി: ബന്നി മണ്ഡപം ടോർച്ച്‌ലൈറ്റ് പരേഡ് ഗ്രൗണ്ട്
പഞ്ജിന കവായത്ത് (ടോർച്ച് ലൈറ്റ് പരേഡ്) എന്നാൽ പന്തം കൊളുത്തിയുള്ള അഭ്യാസപ്രകടനങ്ങളും പരേഡുമാണ്. ഇത് കാണാൻ ടിക്കറ്റ് എടുക്കണം. ഇതിനു പുറമേ മോട്ടർ സൈക്കിൾ ഷോ, ബാൻഡ് മേളം, ലൈറ്റ് ഷോ, കുതിരപ്പടയുടെ പ്രകടനം തുടങ്ങി രാത്രി 10 വരെ വിവിധ കലാപരിപാടികൾ അരങ്ങേറും. ഇതോടെ ദസറ ആഘോഷങ്ങൾക്ക് കൊടിയിറങ്ങും. 20ന് വൈകിട്ട് 7ന് റാന്തൽ പരേഡും സംഘടിപ്പിച്ചിട്ടുണ്ട്. 15 മുതൽ പഞ്ജിന കവായത്തിനുള്ള പരിശീലനം ഗ്രൗണ്ടിൽ ആരംഭിക്കുമെന്ന് വേദിയുടെ ചുമതലയുള്ള സോമണ്ണ അറിയിച്ചു.
ആകാശച്ചിത്രങ്ങളുടെ ഡ്രോൺ ഷോ
∙ തീയതി: 17, 18, 20, 21. രാത്രി 8
∙ വേദി: ബന്നി മണ്ഡപം ടോർച്ച്‌ലൈറ്റ് പരേഡ് ഗ്രൗണ്ട്
നൂറുകണക്കിനു ഡ്രോണുകൾ ആകാശത്ത് വിസ്മയചിത്രങ്ങൾ തീർക്കുന്ന മനോഹരമായ കാഴ്ചയാണിത്. ഒരു ചിത്രത്തിൽനിന്ന് ഡ്രോണുകൾ അതിവേഗം മറ്റൊന്നിലേക്ക് രൂപം മാറുന്നത് സഞ്ചാരികൾക്ക് കൗതുകകരമായ അനുഭവമായിരിക്കും.
തിളങ്ങുന്ന കൊട്ടാരം, ലൈറ്റ് ഷോ
11 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ സന്ധ്യാസമയത്ത് വൊഡയാർ കൊട്ടാരം ദീപപ്രഭയിൽ വെട്ടിത്തിളങ്ങും. ഒരു ലക്ഷത്തോളം ബൾബുകൾ ഉപയോഗിച്ചാണ് കൊട്ടാരം അലങ്കരിക്കുന്നത്. ഒപ്പം മനോഹരമായ ലൈറ്റ് ഷോയുമുണ്ടാകും. ചാമുണ്ഡി മലയുടെ മുകളിൽനിന്നുള്ള ഈ കൊട്ടാരക്കാഴ്ച വാക്കുകൾക്കതീതമായ ഒരു അനുഭൂതിയാണ് സമ്മാനിക്കുക.
Source link



