MANORAMA

ധ്രുവ് റാഠിയുടെയും അഭിജിത്തിന്റെയും നീക്കങ്ങൾ നിരീക്ഷിക്കാൻ പൊലീസ്; CJP ഇടപെടും മുൻപ് വ്യാപക പരിശോധന

ന്യൂഡൽഹി∙ ശനിയാഴ്ച നടക്കാനിരിക്കുന്ന സിജെപിയുടെ പ്രതിഷേധ മാർച്ചുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഡൽഹിയിലെ ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധനയാണ് പൊലീസ് ആരംഭിച്ചിരിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കഴിയുന്നവരെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരുന്നുണ്ട്.

താമസക്കാരുടെ വ്യക്തിവിവരങ്ങൾ രേഖപ്പെടുത്തിയ റജിസ്റ്ററുകളും ലോഗ് ബുക്കുകളും പൊലീസ് നേരിട്ടെത്തി പരിശോധിക്കുന്നുണ്ട്. ഒക്ടോബർ 8നും 11നും ഇടയിൽ മുറികൾ ബുക്ക് ചെയ്തവർ, വലിയ സംഘങ്ങളായെത്തിയവർ, പ്രത്യേകിച്ച് 20നും 30നും ഇടയിൽ പ്രായമുള്ള യുവാക്കൾ എന്നിവരെയാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. മറ്റൊരാളുടെ പേരിൽ എടുത്ത മുറികളിൽ കഴിയുന്നവരെയും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ചോദ്യം ചെയ്യുന്നുണ്ട്.

ഇതിനുപുറമെ, ഡൽഹിയിലേക്ക് ആളുകളെ സംഘടിതമായി എത്തിക്കാൻ സാധ്യതയുള്ള ബസ് സർവീസുകളും പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തുന്ന വലിയ സംഘങ്ങളെ നിരീക്ഷിക്കുന്നുണ്ടെങ്കിലും ആരെയും കരുതിക്കൂട്ടി തടഞ്ഞുവച്ചിട്ടില്ലെന്നും, നിലവിൽ മുൻകരുതൽ പരിശോധനകൾ മാത്രമാണ് നടക്കുന്നതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

അതേസമയം, ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാനങ്ങളിൽനിന്ന് പുറപ്പെട്ട യുവാക്കളെ വഴിയിൽ തടയുന്നതായി വ്യാപക പരാതി ഉയർന്നിട്ടുണ്ട്. മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത എഐഎസ്എഫ് അംഗത്തിന് ഡൽഹി പൊലീസിന്റെ ഫോൺ കോൾ വരികയും, ചോദ്യം ചെയ്യലിനിടെ ഭീകരവാദിയെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തതായി ആക്ഷേപമുണ്ട്. ഇതേത്തുടർന്ന് ഇയാൾ ഫരീദാബാദിൽ ഇറങ്ങി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

മറ്റൊരു സംഭവത്തിൽ, പൂണെയിൽനിന്ന് ഗോവ എക്സ്പ്രസ് വഴി ഡൽഹിയിലെ പ്രതിഷേധത്തിനായി യാത്ര ചെയ്യുകയായിരുന്ന 21 യുവാക്കളെ മധ്യപ്രദേശിലെ ഇറ്റാർസിയിൽ വച്ച് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇവരെ ഇറ്റാർസിയിലെ ഒരു ഹോട്ടലിലേക്ക് മാറ്റുകയും പൂണെയിലേക്ക് തന്നെ മടങ്ങിപ്പോകാൻ ആവശ്യപ്പെടുകയുമാണുണ്ടായത്.


Source link

Related Articles

Back to top button