ജീവിതസമ്പാദ്യം കൊണ്ട് സ്ഥലം വാങ്ങി; വീട് വെക്കാൻ പെർമിറ്റിനായി ചെന്നപ്പോൾ അധികൃതരുടെ വക തീർത്തും അപ്രതീക്ഷിത പണി

എരുത്തേമ്പതി ∙ മാനദണ്ഡങ്ങൾ പാലിക്കാതെ ഭൂമി മുറിച്ചു വിൽപന നടത്തിയ റിയൽ എസ്റ്റേറ്റ് സംഘത്തിന്റെ വഞ്ചനയിൽ പെട്ട് വീടു നിർമിക്കാൻ കഴിയാതെ ഇരുനൂറോളം നിർധന കുടുംബങ്ങൾ ദുരിതത്തിൽ. കഷ്ടപ്പെട്ട് സമ്പാദ്യം സ്വരുക്കൂട്ടി മൂന്നും നാലും സെന്റ് വീതം ഭൂമി വാങ്ങിയവരാണ് വിൽക്കാനോ വീടുവയ്ക്കാനോ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
ഭൂമി വിൽപന നടത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങളൊന്നും റിയൽ എസ്റ്റേറ്റുകാർ പാലിച്ചില്ല. പാവപ്പെട്ടവരും വിദ്യാഭ്യാസം കുറഞ്ഞവരുമായ സാധാരണക്കാരാണ് ഭൂമി വാങ്ങിയവരിൽ ഭൂരിഭാഗവും. അതിനാൽ തന്നെ തങ്ങൾ കബളിപ്പിക്കപ്പെടുകയാണെന്ന് ഇവർ തിരിച്ചറിഞ്ഞില്ല. റവന്യു വകുപ്പ് ഭൂമി അളന്നു തിരിച്ചു നൽകിയതോടെ സർവ്വകാര്യങ്ങളും നിയമപരമാണെന്നാണ് ഇവർ കരുതിയത്.
എന്നാൽ, വീടു നിർമാണത്തിനായി പെർമിറ്റിനായി പഞ്ചായത്ത് ഓഫിസിനെ സമീപിച്ചപ്പോഴാണ് നിയമക്കുരുക്കുകൾ ഇവർ അറിയുന്നത്. സർക്കാരിന്റെ ഭവന നിർമാണ ധനസഹായം ലഭിച്ചവരും സ്വന്തമായി വായ്പയെടുത്ത് വീടു പണിയാൻ തയാറെടുത്തവരുമാണ് അനുമതി ലഭിക്കാതെ നെട്ടോട്ടമോടുന്നത്.
പ്രശ്നം പരിഹരിക്കണമ ആവശ്യപ്പെട്ട് താലൂക്ക് വികസന സമിതി യോഗത്തിൽ പരാതി നൽകിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഒടുവിൽ വഞ്ചിക്കപ്പെട്ട കുടുംബങ്ങൾ മന്ത്രി എ.പി.അനിൽകുമാറിന് നിവേദനം സമർപ്പിച്ചിരിക്കുകയാണ്.
Source link




