തിയേറ്ററുകളിൽ കൊള്ള; പോപ്കോണിനും ചായയ്ക്കുമൊപ്പം വൻതുക പിഴയീടക്കി മിന്നൽ പരിശോധന

തിയേറ്ററുകളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നില്ലെന്നും അമിതവില ഈടാക്കുന്നുവെന്നും സാധനങ്ങളുടെ വിലവിവരങ്ങൾ പ്രദർശിപ്പിക്കുന്നില്ലെന്നും ഉള്ള വ്യാപക പരാതികളെ തുടർന്നാണ് മന്ത്രി അനൂപ് ജേക്കബിന്റെ ഉത്തരവനുസരിച്ച് ഈ പരിശോധന നടത്തിയത്.
കോഴിക്കോട് രാമനാട്ടുകരയിലെ സുരഭി തിയേറ്ററിൽ പാക്കറ്റുകളിൽ നിർമ്മാതാവിന്റെ വിവരങ്ങൾ രേഖപ്പെടുത്താത്തതിന്റെ പേരിൽ നോട്ടീസ് നൽകി. ചെറുവണ്ണൂർ-ഫറോക്ക് മേഖലയിലെ മല്ലിക കോംപ്ലക്സ് തിയേറ്ററിൽ 60 ഗ്രാം അളവ് രേഖപ്പെടുത്തി വിൽപന നടത്തിയ പോപ്കോണിൽ 7.5 ഗ്രാം തൂക്കം കുറവായി കണ്ടത്തിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.
പയ്യന്നൂർ അർച്ചന കോംപ്ലക്സിൽ 65 ഗ്രാം എന്ന് കാണിച്ച് വിറ്റ പോപ്കോണിൽ 52 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് 10,000 രൂപ പിഴ ചുമത്തി. ചെറുപുഴ എ.കെ സിനിപാലസിൽ 60 ഗ്രാം പോപ്കോണിന് 42 ഗ്രാം മാത്രമാണ് തൂക്കംണ്ടായിരുന്നത്, ഇവിടെ 5,000 രൂപയാണ് പിഴ ഈടാക്കിയത്. കണിച്ചാർ ദേവ് സിനിമാസിലും 50 ഗ്രാം പോപ്കോണിന് പകരം 35 ഗ്രാമേ ഉണ്ടായിരുന്നുള്ളൂ. ഉളിക്കൽ എസ്.ജെ.എസ്.ജി തിയേറ്ററിൽ ഉപയോഗിച്ച വെയിംഗ് മെഷീൻ മുദ്രചെയ്യാത്തതുമായി ബന്ധപ്പെട്ടും കേസെടുത്തിട്ടുണ്ട്.
കോട്ടയത്തെ ധന്യ, രമ്യ തിയേറ്ററുകളിൽ 55 ഗ്രാം പോപ്കോണിൽ 48.6 ഗ്രാമും, 40 ഗ്രാം പോപ്കോണിൽ 34.8 ഗ്രാമും മാത്രമാണ് തൂക്കം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുകയും 5,000 രൂപ പിഴ വിധിക്കുകയും ചെയ്തു. അനുപമ തിയേറ്റർ, കുമരകം വെൽവെറ്റ് വ്യൂ തിയേറ്റർ എന്നിവിടങ്ങളിലും നിശ്ചിത അളവിൽ കുറവ് വരുത്തി ഉൽപ്പന്നങ്ങൾ വിറ്റതിന് നോട്ടീസ് നൽകി.
ആലുവ മാതാ മാധുര്യ തിയേറ്ററിൽ 30 രൂപ ഈടാക്കി 210 മി.ലി നൽകേണ്ട ചായയ്ക്ക് 130 മി.ലി മാത്രമാണ് നൽകിയത്. കൂടാതെ, 120 രൂപയുടെ 50 ഗ്രാം പോപ്കോണിൽ 16 ഗ്രാമും, 150 രൂപയുടെ 80 ഗ്രാം ചീസ് പോപ്കോണിൽ 70 ഗ്രാമും മാത്രമാണ് ഉണ്ടായിരുന്നത്. ഇവിടെ 25,000 രൂപ പിഴ ഈടാക്കി.
ഇവ കൂടാതെ ചെങ്ങന്നൂർ സി സിനിമാസ്, കൊല്ലം ചിന്നക്കട ഉഷ തിയേറ്റർ, പാലക്കാട് ചുണ്ണാമ്പുതറ സി.എൻ.സി സിനിമാസ്, മലപ്പുറം കോട്ടക്കൽ ലീന തിയേറ്റർ തുടങ്ങിയ ഇടങ്ങളിലും സമാനമായ രീതിയിൽ കർശന നടപടികൾ സ്വീകരിച്ചു.
Source link



