ഇന്ത്യയെ ഒഴിവാക്കി പുതിയ റെയിൽവേ പാത; കസാക്കിസ്ഥാനിൽ നിന്ന് പാക്കിസ്ഥാനിലേക്ക് അഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മ

പൂർണമായും കരയാൽ ചുറ്റപ്പെട്ട മധ്യേഷ്യൻ രാജ്യങ്ങളായ ഉസ്ബെക്കിസ്ഥാനും കസാക്കിസ്ഥാനും രാജ്യാന്തര ചരക്കുനീക്കത്തിന് പുതിയ വഴി കണ്ടെത്തുന്നു. കസാക്കിസ്ഥാനിൽ നിന്നാരംഭിച്ച് പാക്കിസ്ഥാനിലെ തുറമുഖങ്ങൾ വരെ നീളുന്ന ‘കാസ റെയിൽവേ’ (സെൻട്രൽ ഏഷ്യ-സൗത്ത് ഏഷ്യ) പദ്ധതിയുമായി യുഎഇയും കൈകോർക്കുകയാണ്. മധ്യേഷ്യൻ രാജ്യങ്ങൾക്കും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ഒരുപോലെ വലിയ നേട്ടമാകുന്നതാണ് നിർദിഷ്ട റെയിൽവേ പദ്ധതി. എന്നാൽ, ഏറെ ശ്രദ്ധേയമായ ഈ ട്രാൻസ്-അഫ്ഗാൻ റെയിൽവേ പദ്ധതിയിൽ ഇന്ത്യ ഭാഗമല്ല.
കസാക്കിസ്ഥാനിൽ നിന്ന് ഉസ്ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവ വഴിയാണ് പാക്ക് തുറമുഖത്തേക്ക് നീളുന്ന റെയിൽവേ ലൈൻ യാഥാർഥ്യമാക്കുന്നത്. ഇതു സംബന്ധിച്ച സുപ്രധാന കരാറിൽ യുഎഇ, ഉസ്ബെക്ക്, കസാക്കിസ്ഥാൻ അധികൃതർ ഒപ്പുവച്ചതായി കസാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഉസ്ബെക്കിസ്ഥാനും കസാക്കിസ്ഥാനും തങ്ങളുടെ ചരക്കുനീക്ക കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിന് ഇതുവഴി വലിയ സാധ്യതകളാണ് തുറക്കപ്പെടുന്നത്. അടിസ്ഥാനസൗകര്യ വികസനം, ചരക്കുനീക്കം, ഗതാഗത പദ്ധതികൾ, വമ്പൻ നിക്ഷേപങ്ങൾ എന്നിവയിലെ യുഎഇയുടെ അനുഭവസമ്പത്ത് ഈ പദ്ധതിക്ക് മുതൽക്കൂട്ടാകുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ഘട്ടമെന്നോണം പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക പ്രായോഗിക വശങ്ങൾ പഠിക്കുന്നതിനായി സംയുക്ത പ്രവർത്തക സമിതിക്കും രൂപംനൽകും.
ട്രാസ്-അഫ്ഗാൻ റെയിൽവേ യാഥാർഥ്യമാകുന്നതിലൂടെ ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ:
∙ കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് പാക്കിസ്ഥാൻ വഴി നേരിട്ട് കടലിലെ തുറമുഖങ്ങളിലേക്ക് പ്രവേശനം സാധ്യമാകും. ഇത് ഈ രാജ്യങ്ങളുടെ രാജ്യാന്തര കയറ്റുമതി മേഖലയ്ക്ക് വൻ കുതിപ്പേകും.
∙ കയറ്റുമതി വരുമാനം ഉയരുന്നതിനൊപ്പം, നേരിട്ടുള്ള ചരക്കുനീക്ക പാത വരുന്നത് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനും സഹായിക്കും. ഇത് മേഖലയിൽ പുതിയ തൊഴിലവസരങ്ങളും അടിസ്ഥാന സൗകര്യ വളർച്ചയും സൃഷ്ടിക്കും.
അതേസമയം, ഈ പദ്ധതി അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാന് രാഷ്ട്രീയമായും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും താലിബാൻ ഭരണകൂടത്തെ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. എന്നാൽ, ‘കാസ റെയിൽവേ’ പദ്ധതിയിൽ അഫ്ഗാനെയും ഉൾപ്പെടുത്തുമ്പോൾ അത് താലിബാനു ലഭിക്കുന്ന പരോക്ഷമായ അംഗീകാരമായി മാറിയേക്കാം. ചരക്കുനീക്കം പ്രധാനമായും കറാച്ചി, ഗ്വാദർ തുറമുഖങ്ങൾ വഴിയാകുമെന്നതിനാൽ പാക്കിസ്ഥാനും ഇതിന്റെ ഗുണം ലഭിക്കും.
എങ്കിലും, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് മാസങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി അടഞ്ഞു കിടക്കുകയാണ്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ യാതൊരുവിധ വ്യാപാരബന്ധവുമില്ല. അതിർത്തി തുറക്കാത്തതിനാൽ അഫ്ഗാൻ വ്യാപാരികളുടെ ചരക്കു കണ്ടെയ്നറുകൾ കറാച്ചി തുറമുഖത്ത് കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. സംഘർഷത്തിന് അയവില്ലാത്തതിനാൽ അതിർത്തി എന്നു തുറക്കുമെന്നോ പാക്ക്-അഫ്ഗാൻ ഉഭയകക്ഷി വ്യാപാരം എന്ന് പുനരാരംഭിക്കുമെന്നോ വ്യക്തതയുമില്ല. ഈ പ്രതിസന്ധി ട്രാൻസ്-അഫ്ഗാൻ റെയിൽവേ പദ്ധതിയുടെ പുരോഗതിയെ വൈകിപ്പിച്ചേക്കാമെന്നും നിരീക്ഷകർ കരുതുന്നു.
പാക്കിസ്ഥാൻ വഴിയുള്ള കയറ്റുമതി തടസ്സപ്പെട്ടതോടെ, നിലവിൽ ഇറാനിലെ ചബഹാർ, ബന്ദർ അബ്ബാസ് തുറമുഖങ്ങളെ ആശ്രയിക്കാനാണ് അഫ്ഗാൻ വ്യാപാരികളുടെ ശ്രമം. മാത്രമല്ല, പാക്കിസ്ഥാനെ പൂർണമായി ഒഴിവാക്കിക്കൊണ്ട് മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരം അഫ്ഗാൻ വ്യാപാരികൾ ഇതിനകം സജീവമാക്കുകയും ചെയ്തിട്ടുണ്ട്.
Source link




