MANORAMA

അതിരുകൾ ഭേദിച്ച സ്നേഹം; നേപ്പാളി ബാലനെ ചേർത്തുപിടിച്ച് മമ്മൂട്ടിയും സി.കെ.ശശീന്ദ്രനും

കൊച്ചി∙ കൽപ്പറ്റ മുൻ എംഎൽഎ സി.കെ.ശശീന്ദ്രന് ചെരുപ്പിടുന്ന ശീലമില്ല. മണ്ണിന്റെ മണവും മനുഷ്യന്റെ സ്പർശവുമറിഞ്ഞ് നടക്കുന്ന അദ്ദേഹത്തിന് സാധാരണക്കാരുടെ ഹൃദയമിടിപ്പും വേദനയും പെട്ടെന്ന് തിരിച്ചറിയാനാകും. തന്റെ വീട്ടിലെ കാലിത്തൊഴുത്തിനരികിൽ ശ്വാസം കിട്ടാതെ കിതച്ചുനിന്ന നേപ്പാളി ബാലനിലേക്ക് ആ കരുണയുള്ള കണ്ണുകൾ എത്താൻ ഏറെനേരം വേണ്ടിവന്നില്ല. ബിക്രം എന്നുപേരുള്ള ആ പതിനാലുകാരന്റെ കൈപിടിച്ച് ശശീന്ദ്രൻ വയനാടൻ ചുരമിറങ്ങിയത് മലയാളികളുടെ പ്രിയനടൻ മമ്മൂട്ടിയിലേക്കും അവിടെനിന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്കുമായിരുന്നു.

വയനാട്ടിലെ ശശീന്ദ്രന്റെ ഫാമിൽ നിന്നാണ് ഈ ഹൃദ്യമായ കഥയുടെ തുടക്കം. മൂന്ന് വർഷം മുമ്പാണ് ബിക്രവും പിതാവ് ദല്ലോ സൗദും വയനാട്ടിൽ എത്തിയത്. ആദ്യം ശശീന്ദ്രന്റെ ഫാമിലായിരുന്നു ദല്ലോയ്ക്ക് ജോലി. അവരുടെ കുടുംബ വിശേഷങ്ങൾ തിരക്കുന്നതിനിടയിലാണ് സി.കെ. ശശീന്ദ്രൻ ബിക്രമിന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അറിയുന്നത്. നല്ലൊരു വോളിബോൾ കളിക്കാരനായിരുന്നെങ്കിലും കടുത്ത ശ്വാസതടസ്സം കാരണം എട്ടാം ക്ലാസ്സിൽ വച്ച് ആ കുട്ടിക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ആ കുടുംബത്തിന്റെ സങ്കടം സ്വന്തം വേദനയായി കണ്ട ശശീന്ദ്രൻ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുമായി ബന്ധപ്പെട്ടു.

അവിടെ നടത്തിയ പരിശോധനയിൽ ബിക്രമിന് ജന്മനാ ഉള്ള ഹൃദയവൈകല്യമായ ‘പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ്’ (PDA) അവസ്ഥയും ശ്വാസകോശ ധമനിയിൽ ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. മരുന്നുകൾ നൽകി രോഗാവസ്ഥ താൽക്കാലികമായി നിയന്ത്രിച്ചെങ്കിലും അതൊരിക്കലും പൂർണപരിഹാരം ആയിരുന്നില്ല. ഇതിനിടയിൽ കുട്ടിയുടെ ശ്വാസംമുട്ടൽ വീണ്ടും ഗുരുതരമായി. നിസ്സഹായാവസ്ഥയിലായ പിതാവ് ദല്ലോ സഹായം അഭ്യർത്ഥിച്ച് വീണ്ടും സി.കെ. ശശീന്ദ്രനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു.

വയനാട്ടുകാരനായ നടൻ അബു സലിം വഴി മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടനയായ ‘കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനെ’ക്കുറിച്ചറിഞ്ഞ ശശീന്ദ്രൻ ഉടൻതന്നെ മമ്മൂട്ടിയുമായി സംസാരിച്ചു. വിവരങ്ങൾ ചോദിച്ചറിഞ്ഞയുടൻ, എത്രയും പെട്ടെന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനും ചികിത്സ പൂർണമായും സൗജന്യമായി നടത്തിക്കൊടുക്കാനും മമ്മൂട്ടി കെയർ ആന്റ് ഷെയർ ഭാരവാഹികൾക്ക് കർശന നിർദ്ദേശം നൽകി. അങ്ങനെയാണ് രാജഗിരി ആശുപത്രിയിൽ ബിക്രമിന് പുതുജീവിതം നൽകാനുള്ള ചികിത്സാ ക്രമീകരണങ്ങൾ ഒരുങ്ങിയത്.

ആശുപത്രിയിലെത്തിയ ബിക്രവും പിതാവും പീഡിയാട്രിക് കാർഡിയാക് സർജൻ ഡോ. മുസ്തഫ ജനീലിനെ കണ്ടു. കുട്ടിയുടെ ശ്വാസകോശ ധമനിയിലെ ഉയർന്ന രക്തസമ്മർദ്ദം ശസ്ത്രക്രിയക്ക് വലിയ വെല്ലുവിളിയായിരുന്നു. തുടർന്ന് പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എസ് വെങ്കിടേശ്വരന്റെ നേതൃത്വത്തിൽ കത്തീറ്റർ കടത്തിയുള്ള താക്കോൽദ്വാര ചികിത്സയിലൂടെ ധമനിയിലെ സുഷിരം സുരക്ഷിതമായി അടയ്ക്കുകയായിരുന്നു. ഈ സങ്കീർണ്ണമായ ചികിത്സാ സംഘത്തിൽ പീഡിയാട്രിക് കാർഡിയാക് സർജറി കൺസൾട്ടന്റ് ഡോ. പ്രീതി കാഥൽ, പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യോളജി കൺസൾട്ടന്റ് ഡോ. ബിജിന ഭരതൻ കെ എന്നിവരും സജീവമായി പങ്കാളികളായി.


Source link

Related Articles

Back to top button