സ്ത്രീകളുടെ വേഷത്തിലും മുടിയിലും കൈകടത്തുന്ന സർക്കാരിന് ഡിസിസി ജനറൽ സെക്രട്ടറിയുടെ ചുട്ടമറുപടി

പ്രതീകാത്മകചിത്രം
കൊച്ചി: എറണാകുളം ജില്ലയിലെ പറവൂരിൽ കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽവെച്ച് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്ന കേസിൽ സസ്പെൻഷൻ നടപടി നേരിട്ട കണ്ടക്ടർക്ക് പിന്തുണയുമായി ഡിസിസി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ് രംഗത്തെത്തി. പ്രസ്തുത കണ്ടക്ടർ പൂർണ്ണമായും കുറ്റവിമുക്തനാണെന്നും അത് തെളിയിക്കാൻ ദൃക്സാക്ഷികൾ ലഭ്യമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുന്നവരുടെ ഐഡന്റിറ്റി കാർഡ് ആവശ്യാനുസരണം പരിശോധിക്കാൻ കെഎസ്ആർടിസി ജീവനക്കാർക്ക് അധികാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പോസ്റ്റിന്റെ പൂർണരൂപം
പ്രിയദർശിനിക്ക് ഇരയായി സസ്പെൻഷൻ; പറവൂരിലെ എസ്എഫ്ഐക്കാർക്ക് അഭിമാനിക്കാം. പറവൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഇപ്പോൾ മടങ്ങിയെത്തിയതേ ഉള്ളു ഞങ്ങൾ. പരാതിക്കാരിയായ പെൺകുട്ടി ഇന്നലെ യാത്ര ചെയ്ത അതേ ബസിലെ യാത്രക്കാരായിരുന്ന ഒരു ഭാര്യയും ഭർത്താവും മാത്രം കണ്ടക്ടറുടെ നിരപരാധിത്വം സാക്ഷ്യപ്പെടുത്താനെത്തിയിരുന്നു.
ബാക്കിയെല്ലാം അയാൾക്കെതിരായിരുന്നു. ഭരിക്കുന്ന സർക്കാരിനയാൾ, പ്രിയദർശിനി പദ്ധതിയെ തുരങ്കം വെച്ച ഇടത് യൂണിയൻകാരൻ. പരാതിക്കാരിയായ പെൺകുട്ടിയാണെങ്കിൽ, പഠിക്കുന്നിടത്തെ എസ് എഫ് ഐ സംഘടനയുടെ പിൻബലമുള്ളയാൾ.
അപ്പോൾ, എളുപ്പത്തിൽ സർക്കാരിന് ചെയ്യാവുന്നത്, നിസ്സഹായനായി സ്റ്റേഷൻ മുറ്റത്ത് നിൽക്കുന്നവനെ സസ്പെൻഡ് ചെയ്യൽ തന്നെയാണ്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ താല്പര്യമെങ്കിൽ അതിനിടയിൽ ഒറ്റക്കായി പോകുന്ന സാധാരണക്കാരന് എന്ത് നീതി? വനിതയെന്ന നിലയിൽ അർഹതയുള്ള സൗജന്യ ടിക്കറ്റ് നൽകിയില്ല എന്നതാണല്ലോ പ്രശ്നം.
ആളെ തിരിച്ചറിഞ്ഞില്ല എന്ന വാദം അവിടെ നിൽക്കട്ടെ. മുടി പറ്റെ വെട്ടാനും, ജെൻഡർ ന്യൂട്രൽ വേഷം ധരിക്കാനും എല്ലാവർക്കും അവകാശമുള്ള കേരളത്തിൽ സർക്കാർ ഒരു കാര്യം ചെയ്യണം, യാത്രാനുകൂല്യമുള്ള യാത്രക്കാരുടെ തിരിച്ചറിയൽ കാർഡ്, ആവശ്യമെങ്കിൽ പരിശോധിക്കാനുള്ള അനുവാദം കെ എസ് ആർ ടി സി കണ്ടക്ടർമാർക്ക് നൽകണം. നാട്ടുകാരൻ, അടുത്ത സുഹൃത്ത്. ഇന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ എസ് ആർ ടി സി കണ്ടക്ടർ മഹേഷാണ് കൂടെ.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ഗുരുവായൂർ – എറണാകുളം റൂട്ടിലോടുന്ന എറണാകുളം ഡിപ്പോയുടെ കീഴിലുള്ള ആർ.എസ്.എ 173 പ്രിയദർശിനി ബസിലെ യാത്രയ്ക്കിടയിലാണ് വിദ്യാർത്ഥിനിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. ടിക്കറ്റ് ചോദിച്ച വിദ്യാർത്ഥിനിയോട് കണ്ടക്ടർ സ്ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നും മോശമായി പെരുമാറിയെന്നും കാട്ടി പെൺകുട്ടി പറവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പെണ്ണിനെപ്പോലെയല്ലല്ലോ എന്ന് മറ്റ് യാത്രക്കാരുടെ മുന്നിൽവെച്ച് കണ്ടക്ടർ തന്നെ കളിയാക്കി അപമാനിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടറെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
RELATED TOPICS: KSRTC CONDUCTOR, SHERIN VARGHESE, PARAVUR KSRTC, STUDENT HARASSMENT COMPLAINT, KSRTC CONDUCTOR SUSPENSION
Source link



