മേയറുടെ വ്യാജ ഒപ്പ് വിവാദം: എസ്.പി. ദീപക്കിനെതിരെ മാനനഷ്ടക്കേസുമായി വി.വി. രാജേഷ്

വി.വി. രാജേഷ്, എസ്.പി. ദീപക്
തിരുവനന്തപുരം: നഗരസഭയിലെ വ്യാജ ഒപ്പ് സംബന്ധിച്ച വിവാദത്തിൽ സിപിഎം കൗൺസിലർ എസ്.പി. ദീപക്കിനെതിരെ മേയർ വി.വി. രാജേഷ് അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും, രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസ്താവന പിൻവലിക്കണമെന്നുമാണ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ ഒപ്പ് വിഷയത്തിൽ മേയറടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മാനനഷ്ടക്കേസുമായി മേയർ രംഗത്തെത്തിയത്. വ്യാജ ഒപ്പ് പരാതിയിൽ വിശദമായ അന്വേഷണം അനിവാര്യമാണെന്ന് കാന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ പ്രാഥമികാന്വേഷണത്തിന് ശേഷം കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാജരേഖ നിർമ്മാണത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും കേസുകൾ രജിസ്റ്റർ ചെയ്തത്.
വാഴോട്ടുകോണം കൗൺസിലർ സുഗതൻ ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് നടന്ന കൗൺസിൽ യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തുവെന്ന് വരുത്തിത്തീർക്കാൻ ഒപ്പുകൾ കൃത്രിമമായി ഉണ്ടാക്കിയെന്നാണ് പ്രധാന പരാതി. കാപ്പാ ചുമത്തപ്പെട്ട് ജൂൺ ഒമ്പതിനാണ് സുഗതനെ വട്ടിയൂർക്കാവ് പോലീസ് പിടികൂടിയത്. എന്നാൽ അറസ്റ്റ് ഭീതി നിലനിന്നിരുന്നതിനാൽ അതിനുമുൻപ് നടന്ന കൗൺസിൽ യോഗങ്ങളിൽ സുഗതൻ സംബന്ധിച്ചിരുന്നില്ലെന്നാണ് എൽഡിഎഫിന്റെ വാദം.
ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 എന്നീ തീയതികളിൽ നടന്ന യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ലെന്നും, മേൽപ്പറഞ്ഞ ദിവസങ്ങളിലെ ഒപ്പുകൾ വ്യാജമായി ഉണ്ടാക്കിയതാണെന്നുമാണ് ആരോപണം. കരുതൽ തടങ്കൽ ഉത്തരവ് റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് സുഗതൻ ജയിൽ മോചിതനായത്.
English Summary
Thiruvananthapuram Mayor V. V. Rajesh has filed a ₹5 crore defamation case against CPI(M) councillor S. P. Deepak over the controversy surrounding an alleged forged signature in the corporation. The notice states that the allegations are completely false and demands that they be withdrawn within 15 days.
RELATED TOPICS: V V RAJESH, S P DEEPAK, DEFAMATION CASE, V V RAJESH CASE, SP DEEPAK CASE
Source link




