MANORAMA
ഐടി കമ്പനികൾക്ക് ഡി.കെ.ശിവകുമാറിന്റെ താക്കീത്: കന്നഡക്കാർക്കാണ് മുൻഗണനയെന്ന് ഓർമ്മിപ്പിക്കൽ

ബെംഗളൂരു: ഐടി മേഖലയിലെ തൊഴിലവസരങ്ങളിൽ കന്നഡക്കാരെ ബോധപൂർവം തഴയുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുന്നറിയിപ്പ് നൽകി. കർണാടകയിൽ കന്നഡക്കാർക്കാണ് മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ടെക് തലസ്ഥാനമെന്ന നിലയിൽ ലോകഭൂപടത്തിൽ ബെംഗളൂരുവിന് വലിയ സ്ഥാനമാണുള്ളത്. ഇവിടുത്തെ കന്നഡക്കാരുടെ പ്രാഗൽഭ്യത്തിൽ അഭിമാനിക്കുന്നുവെന്നും അവരുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ മാതൃഭാഷ കന്നഡയായതിന്റെ പേരിൽ ഇന്റർവ്യൂവിൽ നിന്നും ഷോർട്ട്‌ലിസ്റ്റിങ്ങിൽ നിന്നും തന്നെ ഒഴിവാക്കിയെന്നാരോപിച്ച് ഒരു യുവതി പുറത്തുവിട്ട വിഡിയോ വലിയ ചർച്ചകൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.




