MANORAMA

ഇടിമിന്നൽ അപകടകാരി: മഴമേഘങ്ങൾ കരിനിറം പൂണുമ്പോൾ തന്നെ കരുതിയിരിക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

പത്തനംതിട്ട ∙ ഈ മാസം 27 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണം. ഇടിമിന്നൽ മനുഷ്യജീവിതത്തിനും മൃഗങ്ങൾക്കും ഭീഷണിയാകുന്നതിനൊപ്പം തന്നെ, വൈദ്യുതി-വാർത്താവിനിമയ ശൃംഖലകൾക്കും വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താറുണ്ട്.

മിന്നലുള്ളപ്പോൾ വാഹനങ്ങൾക്കുള്ളിൽ ഇരിക്കുന്നത് സുരക്ഷിതമാണ്. അതിനാൽ, മിന്നൽ സമയത്ത് വാഹനത്തിന് പുറത്തിറങ്ങാതെ ഉള്ളിൽ തന്നെ തുടരുന്നതാണ് ഉചിതം. ഈ സമയത്ത് കൈകാലുകൾ പുറത്തിടുന്നത് ഒഴിവാക്കണം. എന്നാൽ, ബൈക്ക്, സൈക്കിൾ, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ യാത്ര നിർത്തിവെച്ച് മിന്നൽ ശമിക്കുന്നത് വരെ സുരക്ഷിതമായ ഏതെങ്കിലും കെട്ടിടത്തിൽ അഭയം തേടണം. തുറസ്സായ സ്ഥലത്താണ് അകപ്പെട്ടതെങ്കിൽ, കെട്ടിടത്തിലേക്ക് മാറാൻ കഴിയാത്ത സാഹചര്യത്തിൽ, പാദങ്ങൾ ചേർത്ത് വെച്ച് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ചുരുണ്ടിരിക്കുക.

കെട്ടിടങ്ങളെ മിന്നലിൽ നിന്ന് സംരക്ഷിക്കുന്നതിനായി മിന്നൽ രക്ഷാ ചാലകങ്ങൾ സ്ഥാപിക്കുന്നത് ഗുണകരമാണ്. അതുപോലെ, വീടുകളിലെ വൈദ്യുതോപകരണങ്ങൾ കേടുപാടുകൾ കൂടാതെ സംരക്ഷിക്കാൻ ‘സർജ് പ്രൊട്ടക്ടർ’ ഘടിപ്പിക്കാവുന്നതാണ്.

മിന്നലേറ്റ ഒരാൾക്ക് പൊള്ളലേൽക്കുകയോ, കേൾവിയോ കാഴ്ചയോ നഷ്ടപ്പെടുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്തേക്കാം. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുതി പ്രവഹിക്കില്ലെന്ന കാര്യം തിരിച്ചറിഞ്ഞ്, യാതൊരു മടിയും കൂടാതെ ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകാൻ ശ്രദ്ധിക്കണം. അപകടം സംഭവിച്ചതിന് ശേഷമുള്ള ആദ്യ 30 സെക്കൻഡ് വളരെ നിർണ്ണായകമാണ്. കൃത്രിമശ്വാസം ഉൾപ്പെടെയുള്ള അടിയന്തര ശുശ്രൂഷകൾ നൽകിയ ശേഷം എത്രയും വേഗത്തിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കണം.

മിന്നൽ സാധ്യത മുൻകൂട്ടി അറിയുന്നതിനായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ‘ദാമിനി’ (Damini) മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്താവുന്നതാണ്.

Source link

Related Articles

Back to top button