MANORAMA

കൊല്ലത്തുനിന്ന് ഗോവയിലേക്ക് ഒറ്റയ്ക്കു യാത്ര; പന്ത്രണ്ടുകാരന്റെ സാഹസിക യാത്രയ്ക്ക് വിരാമമിട്ട് ആർപിഎഫ്

കൊല്ലത്തുനിന്ന് കാണാതായ ഏബ്രഹാം ഓറോൺ (12) എന്ന ബംഗാളി ബാലനെ ഒടുവിൽ ഗോവയിലെ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തി. ആർപിഎഫ് ഉദ്യോഗസ്ഥരാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് സിഡബ്ല്യുസി (ചൈൽഡ് വെൽഫെയർ കമ്മിറ്റി) അധികൃതർക്ക് കുട്ടിയെ കൈമാറി. ഈ മാസം 22-ന് വൈകുന്നേരം കൊല്ലത്തുനിന്ന് കാണാതായ കുട്ടിയെ 23-ന് രാത്രിയാണ് ഗോവയിലെ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തുന്നത്. സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കുട്ടിയെ നിലവിൽ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.

‘ഇന്നലെ രാത്രിയാണ് സിഡബ്ല്യുസി അംഗങ്ങൾ എന്നെ വിളിച്ച് വിവരം പറയുന്നത്. ഒരു കുട്ടിയെ ലഭിച്ചിട്ടുണ്ടെന്നും, ഏബ്രഹാം എന്ന് പേരുള്ള ആ കുട്ടി കൊല്ലത്തുനിന്നുള്ളതാണെന്നും അവർ വ്യക്തമാക്കി. എന്നാൽ, വീട്ടുകാരുടെ വിവരങ്ങളോ പിതാവിന്റെ പേരോ പറയാൻ കുട്ടി വിസമ്മതിച്ചു. ഉടൻ തന്നെ കൊല്ലത്ത് ബന്ധപ്പെട്ട് കാണാതായ കുട്ടികളെ സംബന്ധിച്ച് പരാതിയുണ്ടോ എന്ന് അന്വേഷിച്ചു. കൊല്ലത്തുനിന്ന് കാണാതായ കുട്ടിയുടെ ചിത്രം സഹിതമുള്ള പോസ്റ്റർ ലഭിച്ചതോടെ സിഡബ്ല്യുസിക്ക് അയച്ചുകൊടുത്തു. ചിത്രവും കുട്ടിയുടെ മുഖവും പരിശോധിച്ചപ്പോൾ ഒരേ വ്യക്തിയാണെന്ന് സ്ഥിരീകരിക്കാനായി. തുടർന്ന് കൊല്ലം പോലീസിനെ വിവരം ധരിപ്പിച്ചു. മുടി പറ്റെ വെട്ടിയ നിലയിലായിരുന്നു കുട്ടി. ഇപ്പോൾ ഗോവയിലെ സിഡബ്ല്യുസി കേന്ദ്രത്തിലുള്ള കുട്ടിക്ക് കൗൺസലിങ് നൽകും. കൊല്ലത്തുനിന്ന് പോലീസ് സംഘം എത്തിയ ശേഷം കുട്ടിയെ അവരുടെ കൂടെ അയക്കും. നാടുവിട്ട് നിരവധി കുട്ടികൾ ഗോവയിലെത്താറുണ്ട്. കണ്ണൂരിൽ നിന്നെത്തിയ മൂന്ന് കുട്ടികളെ ഇന്ന് തിരിച്ചയക്കും. പത്ത്, പന്ത്രണ്ട്, പതിമൂന്ന് വയസ്സുള്ള ഈ കുട്ടികളെ ഇന്നലെ വൈകുന്നേരമാണ് ഗോവയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞയുടൻ പരിയാരം പോലീസ് ഇവരെ കൂട്ടിക്കൊണ്ടുപോകാൻ ഗോവയിലെത്തിയിട്ടുണ്ട്’ – ഹംസ സാഗർ പറഞ്ഞു.

കൊല്ലം പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകനാണ് ഏബ്രഹാം ഓറോൺ. കൊല്ലത്തെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ഏബ്രഹാമിനെ കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലെത്തിയ ഉടനെ സൈക്കിളിൽ പുറത്തുപോയ നിലയിൽ കാണാതാവുകയായിരുന്നു. ഈ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിരുന്നു. വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിൽ കുട്ടിയുടെ സൈക്കിൾ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. കുട്ടി ട്രെയിനിൽ കയറിപ്പോയതാകാം എന്ന നിഗമനത്തിൽ റെയിൽവേ പോലീസും ആർപിഎഫും തിരച്ചിൽ ശക്തമാക്കുകയായിരുന്നു.

Source link

Related Articles

Back to top button