MANORAMA

സ്വർണവിലയിൽ കുതിപ്പ്; ഒരു ലക്ഷത്തിലേക്ക് കുതിക്കുമോ? തകർപ്പൻ മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അമേരിക്ക

കേരളത്തിൽ സ്വർണവില വീണ്ടും ഉയരത്തിലേക്ക്. കഴിഞ്ഞ ആഴ്ചകളിൽ വിലയിലുണ്ടായ വലിയ ഇടിവ് ആഭരണ പ്രേമികളിൽ വലിയ പ്രതീക്ഷകളാണ് നൽകിയിരുന്നത്. പവൻ വില ഒരുലക്ഷം രൂപയ്ക്ക് താഴേക്ക് എത്തുമെന്നായിരുന്നു ഭൂരിഭാഗം പേരും കരുതിയിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസങ്ങളായി കേരള വിപണിയിൽ സ്വർണവിലയിൽ തിരിച്ചുക്കയറ്റം ദൃശ്യമാണ്. ഇന്ന് രാവിലെ ഗ്രാമിന് 15 രൂപ വർധിച്ച് 13,085 രൂപയായും, പവന് 120 രൂപ കൂടി 1,04,680 രൂപയുമാണ് നിലവിലെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ ഉയർന്ന് 10,705 രൂപയിൽ എത്തിനിൽക്കുന്നു. വെള്ളി വിലയിൽ മാറ്റമില്ല; ഒരു ഗ്രാമിന് 220 രൂപയാണ് നിരക്ക്.

രാജ്യാന്തര വിപണിയിൽ സ്വർണത്തിന് ചെറിയ തോതിൽ വില വർധിച്ചതാണ് കേരളത്തിലെയും വിലക്കയറ്റത്തിന് കാരണം. 3979 ഡോളറിലേക്ക് താഴ്ന്ന രാജ്യാന്തര വില ഇപ്പോൾ 4009 ഡോളറായിട്ടുണ്ട്. കേരളത്തിൽ വില നിശ്ചയിക്കുന്ന സമയത്ത് ഇത് 4010 ഡോളറായിരുന്നു, കഴിഞ്ഞ ശനിയാഴ്ച ഇത് 3996 ഡോളറുമായിരുന്നു. ഈ നേരിയ വ്യത്യാസമാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്. യുഎസ് ഫെഡറൽ റിസർവിന്റെ വരാനിരിക്കുന്ന നിർണായക പണനയ പ്രഖ്യാപനത്തിന് മുന്നോടിയായാണ് സ്വർണവിലയിൽ ഈ മാറ്റങ്ങൾ.

ക്രൂഡോയിൽ വില ബാരലിന് 115 ഡോളറിന് അടുത്താണെങ്കിലും, യുഎസ് ഫെഡ് പലിശ നിരക്കുകളിൽ വർധനവ് വരുത്തില്ലെന്ന വിലയിരുത്തൽ യുഎസ് ഡോളർ സൂചികയെയും ബോണ്ട് യീൽഡിനെയും ബാധിച്ചിട്ടുണ്ട്. ക്രൂഡോയിൽ വില 117 ഡോളറിൽ നിന്ന് 114 ഡോളറിലേക്ക് കുറഞ്ഞതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അതേസമയം, ആഗോള ബാങ്കിങ് ഭീമനായ ബാങ്ക് ഓഫ് അമേരിക്കയുടെ പ്രവചനങ്ങൾ സ്വർണ വിപണിയിൽ ചർച്ചയായിരിക്കുകയാണ്. യുബിഎസും ഗോൾഡ്മാൻ സാക്സും സ്വർണവില 2027-ഓടെ 5400 ഡോളർ കടക്കുമെന്ന് പ്രവചിക്കുമ്പോൾ, ഇതിന് വിപരീതമായി വില 3500 ഡോളറിലേക്ക് ഇടിയുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ നിലപാട്. ബാങ്ക് ഓഫ് അമേരിക്ക മുന്നോട്ട് വെക്കുന്ന പ്രധാന കാരണങ്ങൾ ഇവയാണ്:

∙ ഓഗസ്റ്റ് 20-ന് ക്രൂഡോയിൽ വില ബാരലിന് 90 ഡോളറിന് മുകളിൽ എത്തിയശേഷം സ്വർണവിലയിൽ 8.3% ഇടിവും എണ്ണവിലയിൽ 15.4% വർധനവുമാണ് ഉണ്ടായത്.

∙ ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ തുടരുകയും ക്രൂഡോയിൽ വില 150 ഡോളറിലേക്ക് ഉയരുകയും ചെയ്താൽ അടുത്ത വർഷത്തോടെ സ്വർണവില 3500 ഡോളറിലേക്ക് താഴ്ന്നേക്കാം.

∙ 2025-ൽ രാജ്യാന്തര സ്വർണവില 64% വർധിച്ചിരുന്നു. ഇന്ത്യയുടെ റിസർവ് ബാങ്ക്, ചൈനയുടെ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന തുടങ്ങിയവയുടെ സ്വർണ ശേഖരണവും ഗോൾഡ് ഇടിഎഫുകൾക്ക് ലഭിച്ച സ്വീകാര്യതയുമാണ് അന്ന് വില ഉയർത്തിയത്.

∙ 2026 ജനുവരിയിൽ 14 ശതമാനവും ഫെബ്രുവരിയിൽ 4.8 ശതമാനവും വില വർധിച്ചിരുന്നു. ഫെബ്രുവരി അവസാനത്തോടെ തുടങ്ങിയ ഇറാൻ-യുഎസ് സംഘർഷങ്ങളും വിപണിയെ സ്വാധീനിച്ചു.

∙ ക്രൂഡോയിൽ വില ഉയർന്നപ്പോൾ സ്വർണവില കുറയുന്ന പ്രവണതയുണ്ടായെങ്കിലും ഓഗസ്റ്റിൽ 13 ശതമാനത്തിന്റെ മുന്നേറ്റം സ്വർണം നടത്തിയിരുന്നു. എങ്കിലും സെപ്റ്റംബറിൽ വീണ്ടും സമ്മർദം അനുഭവപ്പെടുകയും വില 6.6% താഴുകയും ചെയ്തു.

Source link

Related Articles

Back to top button