MANORAMA

കാർ സ്കൂട്ടറിലിടിച്ച നിമിഷം, പുറത്തുവന്ന ഭയത്തിന്റെ ശബ്ദം; നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായ ആ സന്ദേശം

കൊച്ചി: നെടുമ്പാശ്ശേരിയിലെ വാഹനാപകടക്കേസിൽ നിർണായകമായ ഒരു ശബ്ദസന്ദേശം പൊലീസിന്റെ കൈവശമെത്തി. അപകടം നടന്നതിന്റെ പിറ്റേന്ന് പ്രതികളിലൊരാളായ ജോയൽ സുഹൃത്തിന് അയച്ച ഈ ശബ്ദസന്ദേശം പൊലീസ് തെളിവായി കോടതിയിൽ ഹാജരാക്കി. സുഹൈൽ സജീവ്, നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ ജില്ലാ കോടതി പരിഗണിക്കുന്നതിനിടെയാണ് ശബ്ദസന്ദേശം സമർപ്പിച്ചത്. ജാമ്യാപേക്ഷയിലെ വിധി ബുധനാഴ്ചത്തേക്ക് കോടതി മാറ്റിവെച്ചു.

വീണ്ടും ഒരു ബാറിൽ കയറി മദ്യപിച്ചു. അവിടെനിന്ന് പുറത്തിറങ്ങിയപ്പോൾ സുഹൈൽ അമിത വേഗത്തിലാണ് കാർ ഓടിച്ചതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഇതിനിടെ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിച്ചു. മൂവരും തെറിച്ചുവീണു. അപ്പോൾത്തന്നെ നിനവ് തങ്ങളോട് അവിടം വിട്ടുപോകാൻ പറഞ്ഞുവെന്നും സന്ദേശത്തിലുണ്ട്. “മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. രണ്ട് യുവതികളും ഒരു യുവാവുമായിരുന്നു. ഇപ്പോഴും വിറയൽ മാറിയിട്ടില്ല. നിനവ് ഇപ്പോൾ സ്റ്റേഷനിലാണ്. ജാമ്യം കിട്ടില്ല. സുഹൈൽ നല്ലപോലെ മദ്യപിച്ചിരുന്നു. നാട്ടുകാരോട് അവൻ പറഞ്ഞത്, അവന്റെ വാപ്പ എല്ലാം നോക്കിക്കൊള്ളുമെന്നാണ്. അതുകേട്ട നാട്ടുകാർ അടി തുടങ്ങി. നിനവിനും അടി കിട്ടി. ഒടുവിൽ പൊലീസെത്തിയാണ് ഞങ്ങളെ കൊണ്ടുപോയത്” എന്നാണ് സന്ദേശത്തിലുള്ളത്.

അപകടസമയത്ത് താനും അമീനും വണ്ടിക്കുള്ളിലുണ്ടായിരുന്നുവെന്നും ഇപ്പോഴും കൈകാലുകൾ വിറയ്ക്കുന്നുവെന്നും പറയുന്ന ശബ്ദസന്ദേശമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. അപകടത്തിന് പിന്നാലെ സുഹൈലിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് നിനവ് അറസ്റ്റിലായി. ഇതിനുശേഷമാണ് ജോയലും അമീനും അറസ്റ്റിലായത്. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാൻ ശ്രമിച്ചില്ല എന്ന പ്രേരണാകുറ്റമാണ് മൂവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതി സുഹൈൽ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഇരുഭാഗത്തിന്റെയും ശക്തമായ വാദങ്ങൾ കേട്ടശേഷമാണ് കോടതി വിധി പറയാനായി മാറ്റിവെച്ചത്. അന്വേഷണസംഘം കേസിൽ നിഷ്പക്ഷമായ നിലപാടല്ല സ്വീകരിക്കുന്നതെന്നും, ക്ലൈമാക്സ് നേരത്തെ തയ്യാറാക്കിയ തിരക്കഥപോലെയാണെന്നും പ്രതിഭാഗം കോടതിയിൽ ആരോപിച്ചു. എഫ്ഐആറിൽ പ്രതികളുടെ പേരുപോലും ഉൾപ്പെടുത്തിയിരുന്നില്ലെന്നും, സുഹൈലിന്റെ പേര് വ്യക്തമാക്കാതെയും കൃത്യമായ തെളിവുകളില്ലാതെയുമാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ നരഹത്യാക്കുറ്റം ചുമത്തിയതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.

Source link

Related Articles

Back to top button