38 പേരെ കൊന്നു തിന്ന ക്രൂരൻ ഒടുവിൽ പിടിയിൽ; ഉഗാണ്ടയിലെ നരഭോജിയായ സീരിയൽ കില്ലർക്ക് വധശിക്ഷ ഉറപ്പ്

കംപാല ∙ പതിനഞ്ചു വർഷത്തിനിടെ 38 പേരെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ച പരമ്പര കൊലയാളി പിടിയിൽ. മുജുരിസി മോസസ് എന്ന് വിളിക്കപ്പെടുന്ന ഇയാൾ 2010 മുതൽ 2025 വരെയുള്ള കാലയളവിൽ 38 പേരുടെ ജീവനെടുത്തുവെന്നാണ് കേസ്. ഉഗാണ്ടയിലെ കാസോ, ഇബാൻഡ, മസാക്ക എന്നീ ജില്ലകളിലായാണ് ഇയാൾ ക്രൂരകൃത്യങ്ങൾ നടത്തിയിരുന്നത്. ഏറെ നാളായി ഉദ്യോഗസ്ഥർ തിരഞ്ഞുകൊണ്ടിരുന്ന പ്രതിയെ ഒടുവിൽ പിടികൂടിയ കാര്യം ഉഗാണ്ടൻ സുരക്ഷാ സേനാ മേധാവി ജനറൽ മുഹൂസി കൈനെരുഗാബയാണ് വെളിപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം അറസ്റ്റ് വിവരം ഔദ്യോഗികമായി അറിയിച്ചത്.
വീടുകളിൽ അതിക്രമിച്ചുകയറി വാൾ ഉപയോഗിച്ച് ഇരകളെ ആക്രമിക്കുന്നതാണ് മോസസിന്റെ രീതി. ചില സന്ദർഭങ്ങളിൽ കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ഇയാൾ ഇരയാക്കിയിട്ടുണ്ട്. ആളുകളെ പ്രലോഭിപ്പിച്ച് വരുതിയിലാക്കി കൊലപ്പെടുത്തുന്ന രീതിയും ഇയാൾ പിന്തുടർന്നിരുന്നു. നേരത്തെ പലതവണ പോലീസ് പിടിയിലായിട്ടുണ്ടെങ്കിലും, തെളിവുകളുടെ അപര്യാപ്തത മൂലമോ അല്ലെങ്കിൽ തന്ത്രപൂർവം രക്ഷപ്പെടുകയോ ചെയ്ത ചരിത്രം ഇയാൾക്കുണ്ട്.
Disclaimer : വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. പ്രസ്തുത ചിത്രം @mkainerugaba എന്ന എക്സ് അക്കൗണ്ടിൽ നിന്ന് ശേഖരിച്ചതാണ്.




