പ്രവാസികളുടെ കണ്ണീരായി വിമാന സർവീസുകൾ; മൃതദേഹങ്ങൾ മോർച്ചറികളിൽ, നാട്ടിലെത്തിക്കാൻ വഴിയില്ലാതെ ബന്ധുക്കൾ

റിയാദ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പെട്ടെന്ന് തടസ്സപ്പെട്ടത് പ്രവാസികളുടെ ജീവിതത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് മടങ്ങേണ്ടവരും അവധിക്കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കേണ്ടവരുമൊക്കെ ഒരുപോലെ വലയുകയാണ്. ഇതിലും വേദനാജനകമായ കാര്യം, പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയാതെ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന കുടുംബങ്ങളുടെ നിസ്സഹായാവസ്ഥയാണ്.
സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് റിയാദ് വിമാനത്താവളത്തിൽ നിന്നുള്ള യാത്രാ-കാർഗോ വിമാന സർവീസുകൾ നിർത്തിവെച്ചതോടെ നൂറുകണക്കിന് മലയാളികളാണ് ദുരിതത്തിലായത്. ഇന്ത്യൻ വിമാന കമ്പനികളടക്കം സർവീസുകൾ റദ്ദാക്കുകയോ സമയം മാറ്റുകയോ ചെയ്തതോടെ യാത്രക്കാർ വഴിയാധാരമായി. പലരുടെയും യാത്ര അനിശ്ചിതത്വത്തിലായതിനൊപ്പം തന്നെ, മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിലും വലിയ തടസ്സം നേരിടുന്നു.
സാധാരണ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്കപ്പുറം അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണിത്. കാർഗോ സൗകര്യം ലഭ്യമല്ലാത്തതിനാൽ മൃതദേഹങ്ങൾ മോർച്ചറികളിൽ ദിവസങ്ങളോളം സൂക്ഷിക്കേണ്ടി വരുന്നു. നിലവിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ദമാം അല്ലെങ്കിൽ ജിദ്ദ വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്. ദമാം വഴി സൗകര്യം ലഭിച്ചില്ലെങ്കിൽ, റിയാദിൽ നിന്ന് പത്ത് മണിക്കൂറിലേറെ നീളുന്ന റോഡ് മാർഗ്ഗം മൃതദേഹം ജിദ്ദയിൽ എത്തിക്കേണ്ടി വരുന്നത് കുടുംബങ്ങൾക്കും സാമൂഹിക പ്രവർത്തകർക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ലഭ്യമായ വിമാനങ്ങളിലെ കാർഗോ സൗകര്യം പരിമിതമായതിനാൽ, ഒരേസമയം കൂടുതൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നും വിവിധ പ്രവാസി ഫോറങ്ങൾ ചൂണ്ടിക്കാട്ടുന്നു.




