മൂന്നാറിൽ വൻ ഒഴിപ്പിക്കൽ: വഴിയോര കച്ചവടങ്ങൾ പൊളിച്ചുനീക്കി, ഭിക്ഷാടക സംഘങ്ങൾക്കും കർശന നിയന്ത്രണം

മൂന്നാർ ടൗണിലെ നടപ്പാതകൾ കൈയേറി പ്രവർത്തിച്ചിരുന്ന അനധികൃത വഴിയോരക്കച്ചവടങ്ങൾക്കെതിരെ കർശന നടപടിയുമായി പഞ്ചായത്ത് ഭരണസമിതി രംഗത്ത്. വിനോദസഞ്ചാരികളും നാട്ടുകാരും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മഴവിൽ പാലത്തിന്റെ പ്രവേശനഭാഗത്ത് നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ കടകൾ അധികൃതർ നീക്കം ചെയ്തു. ഇതിനുപുറമെ, മാട്ടുപ്പെട്ടി ഓട്ടോ സ്റ്റാൻഡിന് പിന്നിലായി പ്രവർത്തിച്ചിരുന്ന പെട്ടിക്കടയും ഹർത്താൽ ദിനത്തിൽ പൊളിച്ചുമാറ്റി.
അനധികൃത കച്ചവടങ്ങൾക്കൊപ്പം ടൗണിലെ ഭിക്ഷാടന സംഘങ്ങളെ നിയന്ത്രിക്കാനും പഞ്ചായത്ത് നടപടി സ്വീകരിച്ചു. വിശേഷദിവസങ്ങളിലും തിരക്കുള്ള സമയങ്ങളിലും അയൽസംസ്ഥാനങ്ങളിൽ നിന്ന് കൂട്ടത്തോടെ മൂന്നാറിലെത്തി ഭിക്ഷാടനം നടത്തിയിരുന്നവരെ അധികൃതർ മടക്കി അയച്ചു. പഴയമൂന്നാർ ബൈപാസ് വഴി വാഹനങ്ങളിൽ എത്തിയിരുന്ന ഇവർ മഴവിൽ പാലം ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങൾ കൈയേറുന്നത് പതിവായിരുന്നു. ഇവരുടെ സാന്നിധ്യം കാൽനടയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. മേലിൽ ഭിക്ഷാടനത്തിനായി എത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കുന്നതിനായി രണ്ട് ജീവനക്കാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.




