MANORAMA

സിഎംആർഎൽ-എക്സാലോജിക് വിവാദം: ഹൈക്കോടതിയിൽ നിന്ന് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ആശ്വാസം

കൊച്ചി ∙ സിഎംആർഎൽ–എക്സാലോജിക് വിവാദ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈമാറിയ രേഖകളുടെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്ന സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസുമാരായ കെ. നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ സിംഗിൾ ബെഞ്ച് ഉത്തരവും തുടർന്നുള്ള എഫ്ഐആർ നടപടികളും സ്റ്റേ ചെയ്തത്. പിണറായി വിജയനെ കൂടാതെ മകൾ ടി. വീണ, മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, കെ. വാരിസ് എന്നിവരാണ് അപ്പീൽ നൽകിയിട്ടുള്ളത്.

അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന ഒരു കുറ്റകൃത്യവും ഈ വിഷയത്തിൽ നടന്നിട്ടില്ലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. തെളിവുകളോ വ്യക്തമായ ആരോപണങ്ങളോ ഇല്ലാതെ കേവലം വാമൊഴി പരാമർശങ്ങളുടെ പേരിൽ പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസിൽ അനാവശ്യമായി ഉൾപ്പെടുത്തുകയായിരുന്നുവെന്നും അവർ വാദിച്ചു. വിവാഹിതയായ മകളുടെയോ അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുടെയോ സാമ്പത്തിക ഇടപാടുകളിൽ പിതാവിന് ഉത്തരവാദിത്തമില്ലെന്നിരിക്കെ, സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഹർജിക്കാർ വ്യക്തമാക്കി. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17A പ്രകാരം ഒരു പൊതുപ്രവർത്തകനെതിരെ അന്വേഷണം തുടങ്ങുന്നതിനോ എഫ്ഐആർ ഫയൽ ചെയ്യുന്നതിനോ മുൻകൂട്ടി അനുമതി വാങ്ങിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

പരാതിക്കാരൻ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നിയമപരമായ അധികാരമില്ലാതെ ഹർജി നൽകിയതെന്നും പ്രതിഭാഗം വാദിച്ചു. പൊലീസിനോട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കാൻ ഇഡിക്ക് അധികാരമില്ലെന്നും, വിവരങ്ങൾ കൈമാറാൻ മാത്രമേ അവർക്ക് അവകാശമുള്ളൂവെന്നും ഹർജിക്കാർ പറഞ്ഞു. കമ്പനി നിയമത്തിലെ സെക്ഷൻ 212 (17) പ്രകാരം, എസ്എഫ്ഐഒ അന്വേഷണം നടക്കുന്ന ഒരു വിഷയത്തിൽ മറ്റ് ഏജൻസികൾ ഇടപെടാൻ പാടില്ലെന്നും വിവരങ്ങൾ കൈമാറേണ്ടത് എസ്എഫ്ഐഒയ്ക്കാണെന്നും നിയമവ്യവസ്ഥയുണ്ട്. ഈ കേസിൽ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നുണ്ടെന്ന കാര്യം ഹർജിയിൽ സമ്മതിക്കുമ്പോഴും, അവരെ കക്ഷിയാക്കാനോ എസ്എഫ്ഐഒ അന്വേഷണം ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ടെന്ന വിവരം കോടതിയെ അറിയിക്കാനോ പരാതിക്കാർ തയ്യാറായില്ല.

ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടര വർഷത്തിന് ശേഷം രാഷ്ട്രീയ പ്രേരിതമായി അഴിമതി നിരോധന നിയമം കൂടി ഉൾപ്പെടുത്തി കേസെടുക്കാൻ ശ്രമിക്കുകയാണ്. നിയമവിരുദ്ധവും എസ്എഫ്ഐഒയുടെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതുമായ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

Source link

Related Articles

Back to top button