ഹണിട്രാപ്പിൽ കുടുങ്ങി പാകിസ്ഥാന് രഹസ്യങ്ങൾ ചോർത്തിനൽകിയ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

അമരാവതി ∙ സുപ്രധാന നാവിക രഹസ്യങ്ങൾ പാക് ഏജന്റിനു ചോർത്തി നൽകിയ കേസിൽ മുപ്പത്തൊന്നുകാരനായ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഹണിട്രാപ്പിൽ കുടുങ്ങിയാണ് ഇയാൾ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ കൈമാറിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രദീപ് മുഖർജിയാണ് ഒക്ടോബർ 3ന് പിടിയിലായത്.
ഏതാനും മാസങ്ങൾക്ക് മുൻപ് പാകിസ്ഥാൻ ഇന്റലിജൻസ് വിഭാഗത്തിൽപ്പെട്ട ഒരു വനിതാ ഏജന്റ് സമൂഹമാധ്യമം വഴി ഇയാളുമായി ബന്ധപ്പെടുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ ഓൺലൈൻ സൗഹൃദം മുതലെടുത്ത്, വിശാഖപട്ടണം നേവൽ ബേസിന്റെ പ്രവർത്തനങ്ങൾ, യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും (സബ്മറൈനുകൾ) നീക്കങ്ങൾ, തന്ത്രപ്രധാനമായ നാവിക ആസ്തികൾ തുടങ്ങിയ അതിനിർണായക വിവരങ്ങൾ ഇയാൾ കൈമാറിയെന്നാണ് കണ്ടെത്തൽ.
അതിർത്തി കടന്നുള്ള ചാരവൃത്തിയും ദേശസുരക്ഷാ ഭീഷണികളും അന്വേഷിക്കുന്നതിൽ വൈദഗ്ധ്യമുള്ള കൗണ്ടർ ഇന്റലിജൻസ് സെൽ, നാവികസേനാംഗത്തിന്റെ സംശയാസ്പദമായ ഡിജിറ്റൽ ഇടപാടുകൾ നിരീക്ഷിച്ചതോടെയാണ് കള്ളത്തരം പുറത്തുവന്നത്. തുടർന്ന് ഇയാളെ കർശന നിരീക്ഷണത്തിലാക്കുകയും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Source link




