MANORAMA

അമേരിക്കയും ഇറാനും തമ്മിലുള്ള പോര് ഇറാഖിലേക്ക്? ആശങ്കയിൽ പശ്ചിമേഷ്യ

രണ്ട് പതിറ്റാണ്ടിലേറെയായി ഇറാഖില്‍ നിലനിന്നിരുന്ന അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന് ഔദ്യോഗികമായി തിരശ്ശീല വീണു. സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ താഴെയിറക്കാനായി 2003-ല്‍ നടത്തിയ അധിനിവേശത്തിന് പിന്നാലെ, 2011-ല്‍ ഒരിക്കല്‍ സൈന്യത്തെ പിന്‍വലിച്ചിരുന്നെങ്കിലും, ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള (ഐ.എസ്) പോരാട്ടത്തിന്റെ ഭാഗമായി 2014-ല്‍ യു.എസ് സേന ഇറാഖിലേക്ക് തിരിച്ചെത്തുകയായിരുന്നു. സെപ്റ്റംബര്‍ 30-ഓടെ ഇറാഖില്‍ നിന്നുള്ള സൈനിക പിന്മാറ്റം അവര്‍ പൂര്‍ത്തിയാക്കി. ഇതോടെ ‘ഓപ്പറേഷൻ ഇൻഹെറന്റ് റിസോൾവ്’ എന്ന പേരില്‍ നീണ്ട 12 വര്‍ഷക്കാലം തുടര്‍ന്ന ഐ.എസ് വിരുദ്ധ ദൗത്യത്തിനും അന്ത്യമായിരിക്കുകയാണ്.

സൈന്യം മടങ്ങിയതിന്റെ ആഹ്ലാദപ്രകടനങ്ങളും പരേഡുകളും ബാഗ്ദാദിലും തെക്കന്‍ നഗരങ്ങളിലും നടന്നെങ്കിലും, യു.എസിന്റെ ഈ പിന്മാറ്റം രാജ്യത്ത് കനത്ത രാഷ്ട്രീയ-സുരക്ഷാ ശൂന്യതയ്ക്ക് കാരണമാകും എന്ന ആശങ്ക ശക്തമാണ്.

∙ കളംപിടിച്ച് ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾ: അമേരിക്കന്‍ സേന പിന്മാറിയതോടെ രാജ്യത്തിന്റെ സുരക്ഷാ ചുമതലകള്‍ ഇറാഖി സേന പൂര്‍ണ്ണമായും ഏറ്റെടുക്കുകയാണ്. എന്നാല്‍ ഇതിനിടയില്‍ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സ്, കത്തായിബ് ഹിസ്ബുല്ല, അസായിബ് അഹ്‌ലുൽ ഹഖ് തുടങ്ങിയ ഇറാൻ അനുകൂല അർധസൈനിക വിഭാഗങ്ങള്‍ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാൻ തുടങ്ങിയെന്ന വിലയിരുത്തലിലാണ് വിദഗ്ധര്‍. സര്‍ക്കാരിന്റെ നിയന്ത്രണത്തിന് പുറത്തുനില്‍ക്കുന്ന ഈ സായുധ ശക്തികളുടെ ഇടപെടലുകള്‍ വരും നാളുകളില്‍ കൂടുതല്‍ നിര്‍ണായകമായേക്കും.

യു.എസ് സൈന്യം ഒഴിഞ്ഞുപോയ താവളങ്ങളുടെ പരിസരങ്ങളിലും സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലും തന്ത്രപ്രധാനമായ എണ്ണപ്പാതകളിലും ഈ ഗ്രൂപ്പുകള്‍ ഇതിനോടകം തന്നെ സാന്നിധ്യം ശക്തമാക്കിക്കഴിഞ്ഞു. ഈ അര്‍ധസൈനിക വിഭാഗങ്ങളെ രാജ്യത്തിന്റെ ഔദ്യോഗിക പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാക്കാനും അവരുടെ കൈവശമുള്ള ആയുധങ്ങള്‍ നിയന്ത്രണവിധേയമാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആ നീചനം വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. സായുധ സംഘങ്ങളെ പൂര്‍ണ്ണമായും നിരായുധീകരിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്ന സമയപരിധി സെപ്റ്റംബർ 30 ആയിരുന്നുവെങ്കിലും, ഈ പ്രക്രിയയുടെ സങ്കീര്‍ണ്ണത കാരണം അത് 2027 ജൂൺ 30 വരെ നീട്ടിനൽകേണ്ടി വന്നു.

യു.എസ് സൈന്യത്തിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ പിന്തുണ ഇല്ലാതായതോടെ കുർദിഷ് മേഖലയായ എർബിലും സുന്നി ഭൂരിപക്ഷ പ്രദേശങ്ങളും കനത്ത ജാഗ്രതയിലാണ്. ഈ അരക്ഷിതാവസ്ഥ മുതലെടുത്ത് ഐ.എസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ വീണ്ടും തലപൊക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അന്താരാഷ്ട്ര നിരീക്ഷകര്‍ പങ്കുവെക്കുന്നുണ്ട്.


Source link

Related Articles

Back to top button