MANORAMA

തിരിച്ചുവന്നിട്ട് വിളിക്കാമെന്നു പറഞ്ഞ ആ വാക്കുകൾ അവസാനത്തേതായിരുന്നു; പിന്നാലെ തേടിയെത്തിയത് കണ്ണീർ വാർത്ത

കോട്ടയം ∙ കിടങ്ങൂർ മറ്റത്തിൽ വീട്ടിൽ ജെയ്സിമോൾ യാത്രയാകുന്നത് മക്കളായ ജസ്റ്റീന (17), ജൂഡിത്ത് (13), ജോഷ്വ (8) എന്നിവരെ തനിച്ചാക്കി! മരണവാർത്ത കേട്ട് തരിച്ചിരിക്കുകയാണ് ഭർത്താവ് ഫ്രെഡി. 18 വർഷമായി സൗദിയിൽ നഴ്സായ മകളുടെ വേർപാട് താങ്ങാൻ അമ്മ ഏലിയാമ്മയ്ക്കും കഴിയുന്നില്ല. ഏലിയാമ്മ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ജെയ്‌സിമോളെ വിളിച്ചിരുന്നു. ഷോപ്പിങ്ങിന് പോകാൻ ഒരുങ്ങുകയാണെന്നു ജെയ്‌സിമോൾ പറഞ്ഞു. തിരികെ വന്നിട്ട് വിളിക്കാമെന്ന് പറഞ്ഞു ഫോൺ വച്ചു. ജെയ്സിമോളുടെ മരണവാർത്ത അറിയിച്ചുള്ള സുഹൃത്തിന്റെ വിളിയാണ് പിന്നീടുവന്നത്.

സൗദിയിൽ റോഡപകടത്തിൽ 5 പേർ മരിച്ചു റിയാദ് (സൗദി അറേബ്യ) ∙ സൗദിയിലെ തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശിനികളായ രണ്ടു നഴ്സുമാർ ഉൾപ്പെടെ 5 പേർ മരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ ഡിസ്പെൻസറികളിൽ നഴ്സുമാരായ പാലാ കിടങ്ങൂർ മറ്റത്തിൽ ജെയ്സിമോൾ മാത്യു (46), വേദഗിരി കല്ലാമ്പാറ ആനചെരിഞ്ഞകുന്നേൽ ജോബിന ജോണി (27), തമിഴ്‌നാട് സ്വദേശിനികളായ വിജയലക്ഷ്മി ജഗദീഷ് (37), ഹെപ്‌സിബ ദേവമണി (33), ഡ്രൈവർ സൗദി പൗരനായ ഖാലിദ് എന്നിവരാണു മരിച്ചത്. മറ്റൊരു വാഹനം വന്നിടിച്ചതിനെ തുടർന്ന് പലതവണ കരണം മറിഞ്ഞ ഇവരുടെ വാഹനം തകർന്ന് 5 പേരും ആശുപത്രയിലെത്തിക്കുന്നതിനു മുൻപു തന്നെ മരിച്ചു.

റാനിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങ‍ൾ നാട്ടിലെത്തിക്കാനുള്ള നടപടികളിലാണ് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റും നോർക്കയും പ്രാദേശിക കെഎംസിസി ഘടകവും. 18 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ജെയ്സിമോൾ പൂക്കിലിക്കാട്ട് മത്തായിയുടെയും ഏലിയാമ്മയുടെയും മകളാണ്. ഭർത്താവ് ഫ്രെഡി ജോസ്. മക്കൾ: ജസ്റ്റീന, ജൂഡിത്ത്, ജോഷ്വ. അവിവാഹിതയായ ജോബിന സൗദിയിലെത്തിയിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ. ജോണി – ജോബിന ദമ്പതികളുടെ മകളാണ്. സഹോദരൻ: ജോഷ്വ.


Source link

Related Articles

Back to top button