ഗ്യാനേഷിനെതിരെ തെരുവിലിറങ്ങാൻ ഡിവൈഎഫ്ഐ-എസ്എഫ്ഐ കൂട്ടായ്മ; സമരം രാജ്യവ്യാപകമാക്കും

ന്യൂഡൽഹി ∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യവുമായി രാജ്യവ്യാപക പ്രക്ഷോഭത്തിന് കളംൊരുക്കി ഡിവൈഎഫ്ഐ – എസ്എഫ്ഐ ദേശീയ നേതൃത്വം. ഇതിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളായുള്ള പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചു.
ഈ മാസം 7, 8 തീയതികളിൽ രാജ്യത്തെ വിവിധ സർവകലാശാലകളിലും കോളജ് ക്യാംപസുകളിലും എസ്എഫ്ഐയുടെ നേതൃത്വത്തിൽ ‘വോട്ട് കി ആവാസ്’ എന്ന പേരിൽ ജനഹിത പരിപാടികളും സാംസ്കാരിക കൂട്ടായ്മകളും സംഘടിപ്പിക്കും. തുടർന്ന്, ചെ ഗിവാര രക്തസാക്ഷി ദിനമായ ഒൻപതാം തീയതി തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ‘ഗുഡ് ബൈ ഗ്യാനേഷ്’ എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധ മാർച്ച് നടക്കും. പത്താം തീയതി ഡൽഹി ജന്തർ മന്ദറിലേക്ക് വീണ്ടും മാർച്ച് സംഘടിപ്പിക്കും.
സമര പരിപാടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സമാന മനസ്കരായ വിവിധ സംഘടനകളുമായി ചർച്ച നടത്തുമെന്നും പുതുവോട്ടർമാരെ സമരമുഖത്തേക്ക് അണിനിരത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജി വെക്കുകമാത്രമല്ല വേണ്ടതെന്നും, അദ്ദേഹം ക്രിമിനൽ നടപടി നേരിടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട നിയമം റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ സുതാര്യവും കുറ്റമറ്റതുമാക്കണമെന്നും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീം എംപി, എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജി, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ജെയ്ക് സി. തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പൊതുവിഷയങ്ങളിൽ യോജിച്ച നിലപാടെടുക്കുന്ന സംഘടനകളുമായി ചേർന്ന് സമരം മുന്നോട്ടുകൊണ്ടുപോകുമ്പോഴും, ഡിവൈഎഫ്ഐ-എസ്എഫ്ഐ കൂട്ടായ്മയുടെ സ്വതന്ത്രമായ സമരപരിപാടികളും ഒപ്പം തുടരുമെന്ന് നേതൃത്വം വ്യക്തമാക്കി. അതേസമയം, കേരളത്തിൽ കോൺഗ്രസ് സംഘടനകളുമായി സഹകരിച്ചുള്ള സമരങ്ങളിൽ പങ്കെടുക്കില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡൽഹി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ മൂവായിരത്തോളം പ്രവർത്തകരാണ് അണിനിരന്നത്. ഇതിൽ 1,204 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലായവരിൽ 389 പേർ വനിതകളാണെന്നും ഡിവൈഎഫ്ഐ-എസ്എഫ്ഐ ദേശീയ നേതൃത്വം അറിയിച്ചു.
∙ ‘കേരള എസ്ഐആർ: നിലവിൽ വിവരം ഇല്ല’
Source link



