സിനിമയോടുള്ള അടങ്ങാത്ത പ്രണയം; നിലപാടുകൾ കൊണ്ട് മാതൃകയാവുകയാണ് ഈ സംവിധായകൻ

∙ ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ പദവി ഏറ്റെടുത്തിരിക്കുകയാണല്ലോ, ഈ ദൗത്യം വലിയൊരു വെല്ലുവിളിയാണോ?
വെല്ലുവിളിയായിട്ടല്ല, മറിച്ച് വലിയൊരു സന്തോഷമായിട്ടാണ് കാണുന്നത്. അക്കാദമിയുടെ പ്രവർത്തനങ്ങൾ സിനിമാമേഖലയ്ക്ക് കൂടുതൽ ഗുണകരമാകുന്ന രീതിയിൽ മുന്നോട്ട് കൊണ്ടുപോകണം. അതിനായി എനിക്ക് ലഭിച്ച ഈ വൈസ് ചെയർപേഴ്സൺ സ്ഥാനം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കണമെന്നാണ് ആഗ്രഹം.
∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് ഉൾപ്പെടെ, സ്ത്രീകൾ വലിയ പ്രതിസന്ധികൾ നേരിടുന്നൊരു കാലത്താണ് താങ്കൾ ഈ പദവിയിലേക്ക് എത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായെങ്കിലും കാതലായ വിഷയങ്ങളൊന്നും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഇത്തരം കാര്യങ്ങളിൽ പ്രിയങ്കയുടെ നിലപാട് എന്തായിരിക്കും?
ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് നിങ്ങൾക്കൊക്കെ ഉള്ളതുപോലെയുള്ള ഒരു വ്യക്തമായ ധാരണ എനിക്കുമുണ്ട്. ഞാൻ ഈ സ്ഥാനമേറ്റിട്ട് വളരെ ചുരുങ്ങിയ ദിവസങ്ങളേ ആയിട്ടുള്ളൂ. ഈ പദവിയിലിരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ആഴത്തിൽ പഠിച്ചതിനു ശേഷമേ കൃത്യമായ പ്രതികരണം നടത്താനാകൂ. എങ്കിലും, എന്റെ സഹപ്രവർത്തകരുടെ മുന്നേറ്റത്തിനും ഉന്നതിക്കും വേണ്ടി എപ്പോഴും പ്രവർത്തിക്കും. അക്കാദമിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് തീരുമാനവും ചലച്ചിത്രമേഖലയിലെ എന്റെ വനിതാ കൂട്ടുകാർക്കൊപ്പമുള്ള ഉറച്ച ഐക്യദാർഢ്യം കൂടിയായിരിക്കും.
∙ കഴിഞ്ഞ ബജറ്റിൽ കൊച്ചിയിൽ ഫിലിം സിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെ, ഐ.എഫ്.എഫ്.കെ തിരുവനന്തപുരത്തുനിന്ന് മാറ്റുമോ എന്ന ചർച്ചകളും സജീവമായിരുന്നു. പ്രിയങ്കയെ സംബന്ധിച്ച് മേള എവിടെ നടക്കണമെന്നാണ് ആഗ്രഹം?
2003-ൽ മാർ ഇവാനിയോസ് കോളജിൽ പഠിക്കുമ്പോൾ മുതൽ ഐ.എഫ്.എഫ്.കെയിൽ പങ്കെടുക്കാൻ തുടങ്ങിയ ഒരാളാണ് ഞാൻ. ഒരു ഡെലിഗേറ്റ് ആയിട്ടല്ല, മറിച്ച് അവതാരകയായിട്ടായിരുന്നു തുടക്കം. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അതിലേക്ക് എന്നെ നയിച്ചത്. ഒഴിവുസമയങ്ങളിൽ തിയേറ്ററിലെ തറയിലിരുന്നാണെങ്കിലും സിനിമ കാണണമെന്നായിരുന്നു എന്റെ ആഗ്രഹം. പിന്നീട് 2008 എത്തിയപ്പോഴേക്കും എന്റെ ചിത്രമായ ‘വിലാപങ്ങൾക്കപ്പുറം’ ഐ.എഫ്.എഫ്.കെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരം വളരെ വൈകാരികമായൊരു ഇടമാണ്. ഇത്രയധികം തിയറ്ററുകൾ അടുത്തടുത്തുള്ള മറ്റൊരു നഗരം കേരളത്തിലില്ല. തിരുവനന്തപുരത്തുനിന്നാണ് മേള വളർന്നുവന്നത്. അതിനാൽ അത് അവിടെത്തന്നെ തുടരണമെന്നാണ് എന്റെ ഉറച്ച നിലപാട്. വേദി മാറ്റുമെന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടുമില്ല. ഈ വർഷത്തെ ചലച്ചിത്രമേളയും തിരുവനന്തപുരത്ത് തന്നെയാണ് നടക്കുന്നത്.
∙ അക്കാദമി ചെയർമാൻ പ്രേംകുമാറുമായി (രവീന്ദ്രനുമായി) നേരത്തെ വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നോ?
പല വേദികളിലും അദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നല്ലാതെ വലിയ അടുപ്പമൊന്നുമില്ല. എങ്കിലും, അദ്ദേഹം ഫിലിം ഫെസ്റ്റിവലുകൾ സംഘടിപ്പിക്കുന്ന രീതിയും സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷനും ഒട്ടനവധി വേദികളിൽ നിന്ന് ഞാൻ കേട്ടറിഞ്ഞിട്ടുണ്ട്.
Source link




