MANORAMA

പ്ലാറ്റ്ഫോം നീളം കൂട്ടിയേ പറ്റൂ; വിസ്റ്റഡോം കോച്ചുകൾ കൂട്ടാൻ കടമ്പകളേറെ

പുനലൂർ ∙ കൊല്ലം–ചെങ്കോട്ട റെയിൽപാതയിലെ ഹാൾട്ട് സ്റ്റേഷൻ ഉൾപ്പെടെ 10 റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടാതെ വിസ്റ്റഡോം കോച്ചുകളുടെ എണ്ണം ഉയർത്തുന്നത് വലിയ വെല്ലുവിളിയാണ്. വിസ്റ്റഡോം കോച്ചുകളുടെ എണ്ണം കൂട്ടണമെങ്കിൽ 13 കോച്ചുകളുള്ള ഗുരുവായൂർ–മധുര എക്സ്പ്രസിൽ ഒരു അൺ റിസർവ്ഡ് കോച്ച് ഒഴിവാക്കേണ്ടി വരും. ഇപ്പോൾ ഒരു അൺ റിസർവ്ഡ് കോച്ച് നീക്കം ചെയ്ത ശേഷമാണ് വ്യാഴാഴ്ച വിസ്റ്റഡോം കോച്ച് ഘടിപ്പിച്ചത്. ഇനിയും റിസർവ്ഡ് കോച്ചുകൾ കുറച്ചാൽ അത് സാധാരണക്കാരായ യാത്രക്കാരെയാണ് ബാധിക്കുക. വിസ്റ്റഡോം കോച്ചുമായി സർവീസ് നടത്തിയ ദിവസം ട്രെയിനിൽ 7 അൺ റിസർവ്ഡ് കോച്ചുകൾ, ഒരു ജനറേറ്റർ കാർ, ഒരു ഗാർഡ് വാൻ, രണ്ട് സ്ലീപ്പർ കോച്ചുകൾ, ഒരു തേഡ് എസി കോച്ച്, ഒരു വിസ്റ്റഡോം കോച്ച് എന്നിവയാണുണ്ടായിരുന്നത്. പുനലൂരിനും ഭഗവതിപുരത്തിനും ഇടയിലുള്ളത് പശ്ചിമഘട്ട മേഖലയായതിനാൽ ട്രെയിനിന്റെ പിന്നിൽ ബാങ്കർ എൻജിനും ഘടിപ്പിച്ചു.

13 കോച്ചുകൾക്കുള്ള സൗകര്യം മാത്രമേ 6 സ്റ്റേഷനുകളിലുള്ളൂ. അതിനാൽ 13 കോച്ചുകളുള്ള ട്രെയിനുകൾ മാത്രമേ ഈ സ്റ്റേഷനുകളിൽ നിർത്താനാകൂ. ന്യൂ ആര്യങ്കാവ്, തെന്മല, ഇടമൺ, ആവണീശ്വരം, കുര, കൊട്ടാരക്കര, കുണ്ടറ ഈസ്റ്റ്, കുണ്ടറ, ചന്ദനത്തോപ്പ്, കിളികൊല്ലൂർ എന്നീ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുന്നതിനായി നേരത്തേ ടെൻഡർ വിളിച്ചിട്ടുണ്ട്. 2027 ജൂലൈ മാസത്തോടെ പണി പൂർത്തിയാക്കാനാണ് തീരുമാനം. കഴിഞ്ഞ മാസം 24ന് പുനലൂരിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെയും ഡിആർഎം ഓംപ്രകാശ് മീനയുടെയും സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ദക്ഷിണ റെയിൽവേ ചീഫ് പ്രോജക്ട് മാനേജർ (സിപിഎം) രാജേഷ് കുമാർ ഈ വിവരം അറിയിച്ചത്. അവലോകനയോഗത്തിന് ശേഷം രണ്ടു തവണ ചീഫ് പ്രോജക്ട് മാനേജർ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടേണ്ട റെയിൽവേ സ്റ്റേഷനുകൾ സന്ദർശിക്കുകയും ചെയ്തിരുന്നു.

Source link

Related Articles

Back to top button