MANORAMA

കള്ളനോട്ട് കേസ് പ്രതിയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് 22 കോടി രൂപ വിലമതിക്കുന്ന തിമിംഗല ദഹനശിഷ്ടം

കൊല്ലം: വ്യാജ നോട്ടുകേസിലെ പ്രതിയുടെ ലോക്കർ മുറിയിൽനിന്നു പിടികൂടിയ തിമിംഗല ദഹനശിഷ്ടം (ആംബർഗ്രിസ്) വനം വകുപ്പിനു കൈമാറി. ഏകദേശം 22 കോടിയോളം രൂപ വിപണി വിലമതിക്കുന്ന 22.5 കിലോ തൂക്കമുള്ള ആംബർഗ്രിസാണ് പൊലീസ് കണ്ടെടുത്തത്. തുടർന്ന് വനം വകുപ്പ് ഇത് ഏറ്റെടുക്കുകയായിരുന്നു. തങ്കശ്ശേരി ഹാർബറിൽ ഹാർബർ എൻജിനീയറിങ് വിഭാഗം ബോട്ട് ഉടമകൾക്കായി അനുവദിച്ചിട്ടുള്ള അഞ്ചാം ബ്ലോക്കിലെ പത്താം നമ്പർ ലോക്കർ മുറിയിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ തിരച്ചിലിലാണ് ഈ അമൂല്യ വസ്തു കണ്ടെത്തിയത്.

വന്യജീവി സംരക്ഷണ നിയമപ്രകാരം തിമിംഗല ദഹനശിഷ്ടം കൈവശം വെക്കുന്നത് കുറ്റകരമാണ്. കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ ഏഴു വർഷം വരെ തടവുശിക്ഷയോ അല്ലെങ്കിൽ 25,000 രൂപ പിഴയോ, അതുമല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. ഒരു കിലോഗ്രാമിന് ഒരു കോടി രൂപയിലധികം വിലമതിക്കുന്നതിനാൽ ആംബർഗ്രിസ് കടത്തുന്നതിന് വലിയ റാക്കറ്റുകൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.

തിമിംഗലങ്ങളുടെ ആവാസമേഖലയായ ആഴക്കടലിലാണ് സാധാരണയായി ആംബർഗ്രിസ് കാണപ്പെടാറുള്ളത്. വളരെ അപൂർവമായി തീരത്തോടടുത്തും ഇവ ഒഴുകിയെത്താറുണ്ട്. ജലപ്പരപ്പിൽ പാളികളായി കാണപ്പെടുന്ന ഇവയെ സാധാരണ ഗതിയിൽ മത്സ്യത്തൊഴിലാളികൾ ശേഖരിക്കാറില്ല. അബദ്ധത്തിൽ വലയിൽ കുടുങ്ങിയാൽ പോലും ഉടൻ തന്നെ കടലിൽ തിരികെ കളയുകയാണ് പതിവ്. എന്നാൽ, തീരപ്രദേശങ്ങളിൽ ഇവ അടിഞ്ഞാൽ വനം വകുപ്പിനെ അറിയിച്ച് അവർക്ക് കൈമാറുന്നതാണ് രീതി എന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

വനം വകുപ്പ് ഏറ്റെടുത്ത ദഹനശിഷ്ടം ഇതിന്റെ ആധികാരികതയും ഗുണനിലവാരവും പരിശോധിക്കുന്നതിനായി തിരുവനന്തപുരത്തെ ബയോടെക്നോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. വിദഗ്ധ പരിശോധനയുടെ ഫലം പുറത്തുവന്നാൽ മാത്രമേ പിടികൂടിയത് കൃത്യമായും തിമിംഗല ദഹനശിഷ്ടമാണോയെന്നും, ഇതിന്റെ യഥാർത്ഥ മൂല്യമെത്രയെന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Source link

Related Articles

Back to top button