MANORAMA

ധൻബാദ് എക്സ്പ്രസ് മാറിയേക്കും: ആലപ്പുഴയിൽ നിന്ന് പുതിയ ട്രെയിൻ വരുന്നുണ്ടോ? ഷൊർണൂരും ഗുരുവായൂരും പരിഗണനയിൽ

ആലപ്പുഴ ∙ എറണാകുളം വരെ മാത്രം സർവീസ് നടത്തുന്ന ടാറ്റാനഗർ എക്സ്പ്രസ് ആലപ്പുഴയിലേക്ക് നീട്ടുന്നതിന് പകരം, പുതിയൊരു ട്രെയിൻ അനുവദിക്കുന്ന കാര്യമാണ് റെയിൽവേയുടെ പരിഗണനയിലുള്ളത്. ധൻബാദ് എക്സ്പ്രസിന്റെ നിലവിലെ സമയക്രമത്തിൽ ആലപ്പുഴയിൽ നിന്ന് ഷൊർണൂരിലേക്കോ ഗുരുവായൂരിലേക്കോ പുതിയൊരു ട്രെയിൻ സർവീസ് ആരംഭിക്കാനാണ് ആലോചന.

ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് തിരുവനന്തപുരം നോർത്ത് വരെ നീട്ടാൻ തീരുമാനിച്ചതോടെ, എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്ന ടാറ്റാനഗർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ ആലപ്പുഴയിലേക്ക് ദീർഘിപ്പിക്കണമെന്ന ആവശ്യം യാത്രക്കാർക്കിടയിൽ ശക്തമായിരുന്നു. ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടുമ്പോൾ സമയക്രമത്തിൽ മാറ്റങ്ങൾ വരുമോയെന്ന ആശങ്കയും സ്ഥിരം യാത്രക്കാർ പങ്കുവെക്കുന്നുണ്ട്.

ജില്ലയിലെ യാത്രക്കാർക്ക് എറണാകുളം, തൃശൂർ, പാലക്കാട് ഭാഗങ്ങളിലേക്ക് അതിരാവിലെ പോകാൻ ഏറ്റവും സൗകര്യപ്രദമായ ട്രെയിനാണ് ധൻബാദ് എക്സ്പ്രസ്. പുലർച്ചെ 6 മണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ 7.30-ഓടെ എറണാകുളത്ത് എത്തും. ധൻബാദ് തിരുവനന്തപുരം വരെ നീട്ടുമ്പോൾ, ആലപ്പുഴയിൽ 6 മണിക്ക് എത്തണമെങ്കിൽ ട്രെയിൻ പുലർച്ചെ 3.30-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടി വരും. ഈ സമയക്രമം പ്രായോഗികമാണോ എന്ന കാര്യത്തിൽ യാത്രക്കാർക്ക് ആശങ്കയുണ്ട്. പകരമായി അതിരാവിലെ പുതിയൊരു ട്രെയിൻ അനുവദിക്കുകയാണെങ്കിൽ ഈ പ്രതിസന്ധിക്ക് പരിഹാരമാകുന്നതിനൊപ്പം യാത്രക്കാർക്ക് മറ്റൊരു ട്രെയിൻ കൂടി അധികമായി ലഭിക്കുകയും ചെയ്യും.

അതേസമയം, ധൻബാദ് എക്സ്പ്രസ് തിരുവനന്തപുരം നോർത്തിലേക്ക് നീട്ടുന്ന തീയതി സംബന്ധിച്ച് റെയിൽവേ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നിലവിൽ ആലപ്പുഴയിൽ നിന്ന് തന്നെയാണ് ട്രെയിൻ സർവീസ് തുടരുന്നത്. ധൻബാദിന്റെ സമയക്രമത്തിൽ മാറ്റം വരികയാണെങ്കിൽ പുതിയ സർവീസ് വേണമെന്ന ആവശ്യം കൂടുതൽ ശക്തമാകാനാണ് സാധ്യത.

Source link

Related Articles

Back to top button