ഒന്നിച്ചു പറക്കാം, സ്വപ്നങ്ങളിലേക്ക്: കാഴ്ചയേകി ഇരട്ടസഹോദരി റിഫ, ഒപ്പം റിയയും

സ്പോർട്സ്
കോഴിക്കോട്: ഒരേ ഗർഭപാത്രത്തിൽ ഒരേസമയം വളർന്നവർ. എന്നാൽ വിധി ഒരാളെ കാഴ്ചയുടെ വെളിച്ചത്തിൽ നിന്ന് അൽപ്പം മാറ്റി നിർത്തി. എങ്കിലും, സഹോദരിയുടെ കണ്ണുകളും കരുതലുമായി റിഫ കൂടെയുണ്ടായപ്പോൾ റിയ ട്രാക്കിൽ കുതിച്ചു. സംസ്ഥാന സ്കൂൾ കായികമേളയിലെ ഇൻക്ലൂസീവ് അത്ലറ്റിക്സ് വിഭാഗത്തിൽ കാഴ്ചപരിമിതർക്കായി നടന്ന 100 മീറ്റർ ഓട്ടത്തിൽ ഈ മലപ്പുറംകാരികളായ ഇരട്ടസഹോദരിമാർ ശ്രദ്ധാകേന്ദ്രമായി. റിഫയുടെ കൈയിൽ കെട്ടിയ റിബണിൽ പിടിച്ചായിരുന്നു റിയയുടെ ഓട്ടം.
മലപ്പുറം ചീക്കോട് കെ.കെ.എം എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളാണ് റിയ ഷെറിനും റിഫ ഷെറിനും. എടവണ്ണപ്പാറ കരിയാത്തുംകുഴി സ്വദേശികളായ അബ്ദുൾ ജലീലിന്റെയും നൗഫിയയുടെയും മക്കളാണിവർ.
അരീക്കോട് ബി.ആർ.സിയുടെയും സ്കൂൾ അധികൃതരുടെയും മേൽനോട്ടത്തിൽ ഒരു മാസം നീണ്ടുനിന്ന പരിശീലനമാണ് റിയയെ കായികവേദിയിൽ എത്തിച്ചത്. ട്രാക്കിലെ ഓട്ടത്തിലും റിയയ്ക്ക് വഴികാട്ടിയായി റിഫ ഒപ്പമുണ്ടായിരുന്നു. മത്സരത്തിൽ മെഡലുകൾ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും, ഏത് പ്രതിസന്ധിയെയും തരണം ചെയ്യാമെന്ന ആത്മവിശ്വാസം സഹോദരിക്ക് പകരാനായതിൽ റിഫ അതീവ സന്തോഷവതിയാണ്.
ജന്മനാ 40 ശതമാനം കാഴ്ചപരിമിതിയുണ്ട് റിയയ്ക്ക്. മൂന്നുമാസം പ്രായമുള്ളപ്പോഴാണ് റിയയുടെ കാഴ്ചയിലെ അസ്വാഭാവികത കുടുംബം തിരിച്ചറിഞ്ഞത്. ആളുകളുടെ മുഖത്തേക്ക് നോക്കുന്ന രീതിയിൽ മാറ്റം കണ്ടതും നടക്കാൻ തുടങ്ങിയപ്പോൾ ചുവടുകൾ ഇടറുന്നതും ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദഗ്ധ ചികിത്സ തേടിയത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ റിയയുടെ ചികിത്സ ഇപ്പോഴും തുടരുന്നു. ഫാത്തിമ റിൻഷ, റിസ ഖദീജ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
കായിക മേള തുടങ്ങി,
അത്ലറ്റിക്സ് ഇന്നുമുതൽ
68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട്ട് ഔദ്യോഗികമായി തുടക്കമായി. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായുള്ള മത്സരങ്ങളോടെയാണ് കായിക മാമാങ്കത്തിന് തിരശ്ശീല ഉയർന്നത്. അത്ലറ്റിക്സ് ഇനങ്ങൾ ഇന്ന് എൻ.ഐ.ടി ക്യാമ്പസിൽ ആരംഭിക്കും.
Source link




