സഹകരണ മേഖലയ്ക്ക് ഇനി ആകാശയാത്ര; വിമാന സർവീസ് തുടങ്ങാൻ സർക്കാരിന്റെ പച്ചക്കൊടി

കോഴിക്കോട് ∙ സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവർക്ക് സർക്കാർ പൂർണമായ സുരക്ഷ ഉറപ്പുനൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശസാൽകൃത, ഷെഡ്യൂൾഡ് ബാങ്കുകളിൽ ലഭിക്കുന്ന അതേ സുരക്ഷിതത്വം സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്കും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നതോടൊപ്പം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും വികസന പദ്ധതികളിലും സജീവമായി ഇടപെടുന്ന കാലിക്കറ്റ് സിറ്റി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കേരള സിവിൽ ഏവിയേഷൻ ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് വിമാന സർവീസ് ആരംഭിക്കുന്നതിനായി സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.




