MANORAMA

യൂറോപ്പുമായി ഒത്തുകളി; റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ വിമർശിച്ച അമേരിക്കയുടെ ഇരട്ടമുഖം തുറന്നുകാട്ടപ്പെടുന്നു

റഷ്യയിൽനിന്ന് എണ്ണ വാങ്ങിയതിന്റെ പേരിൽ ഇന്ത്യയെ ലക്ഷ്യമിട്ട് നിരന്തരം ഉപരോധങ്ങളും ഭീഷണികളും മുഴക്കുന്ന അമേരിക്ക, അതേ റഷ്യയുമായി കൈകോർത്ത് യൂറോപ്പിലേക്ക് കച്ചവടത്തിന് കളത്തിലിറങ്ങുന്നു. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഈ നിർണായക വിവരം പുറത്തുവിട്ടിരിക്കുന്നത്.

യുക്രെയ്നെതിരായ യുദ്ധത്തിന് റഷ്യൻ എണ്ണ വാങ്ങി ഇന്ത്യ സാമ്പത്തിക സഹായം നൽകുന്നുവെന്നും റഷ്യയ്ക്ക് ഇന്ത്യയിൽനിന്ന് ലഭിക്കുന്നത് ‘ചോരപ്പണ’മാണെന്നും മുൻപ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ ഉൾപ്പെടെയുള്ളവർ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. റഷ്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയും യൂറോപ്യൻ യൂണിയനും കനത്ത ഉപരോധം ഏർപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, ഇതിനെയെല്ലാം കാറ്റിൽപ്പറത്തി റഷ്യയും യുഎസും ചേർന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് പ്രകൃതിവാതകം വിൽക്കാൻ പദ്ധതിയിടുന്നുവെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ടിലുള്ളത്.

ട്രംപിന്റെ മരുമകനും യുദ്ധ നയതന്ത്ര ചർച്ചകളിലെ യുഎസിന്റെ പ്രത്യേക പ്രതിനിധിയുമായ ജേർഡ് കുഷ്നറും, പുട്ടിന്റെ ഉപദേശകനും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഡയറക്ടറുമായ കിറിൽ ദിമിത്രേവും മോസ്കോയിലും ന്യൂയോർക്കിലുമായി രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റഷ്യയിൽനിന്ന് ജർമനിയിലേക്ക് നീളുന്ന ‘നോർഡ് സ്ട്രീം’ വാതക പൈപ്പ്‍ലൈൻ പുനരുജ്ജീവിപ്പിച്ച് വിതരണം പുനരാരംഭിക്കാനാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്.

എങ്കിലും, റഷ്യയുടെയും യുഎസിന്റെയും ഈ നീക്കത്തിന് യൂറോപ്പിൽനിന്ന് തന്നെ കനത്ത എതിർപ്പ് നേരിടേണ്ടി വരുമെന്നാണ് സൂചന. ഇതിന് പ്രധാനമായും രണ്ട് തടസ്സങ്ങളാണുള്ളത്. ഒന്നാമതായി, നോർഡ് സ്ട്രീം പൈപ്പ്‍ലൈനുകൾക്ക് മേൽ യൂറോപ്യൻ യൂണിയന്റെ കർശന ഉപരോധ നിലവിലുണ്ട്. രണ്ടാമതായി, യുക്രെയ്ൻ യുദ്ധം ആരംഭിച്ച 2022 മുതൽ ഈ പൈപ്പ്‍ലൈനിന്റെ ലൈസൻസ് ജർമനി പുതുക്കിയിട്ടില്ല. മാത്രമല്ല, ലൈസൻസ് പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ജർമനി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഇവ കൂടാതെ, യുദ്ധത്തിനിടയിൽ പൈപ്പ്‍ലൈന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഉപരോധം തുടരുന്നതിനാൽ നോർഡ് സസ്ട്രം-1ന്റെ അറ്റകുറ്റപ്പണികളും റഷ്യ നിർത്തിവെച്ചിരിക്കുകയാണ്. 2010-ൽ 1100 കോടി ഡോളർ ചെലവഴിച്ചാണ് നോർഡ് സ്ട്രീം പദ്ധതി യാഥാർത്ഥ്യമാക്കിയത്.

അതേസമയം, റോയിട്ടേഴ്സിന്റെ ഈ റിപ്പോർട്ട് വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞതായി അറിയുന്നു. നോർഡ് സ്ട്രീം പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും യുഎസിലെ നികുതിദായകർക്കും കമ്പനികൾക്കും ഗുണകരമല്ലാത്ത ഒരു പദ്ധതിയെക്കുറിച്ചും ഭരണകൂടം ആലോചിക്കുന്നില്ലെന്നുമാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം.


Source link

Related Articles

Back to top button