MANORAMA

തമിഴ് വേരുകളുള്ള നവനീതം നവി പിള്ളയ്ക്ക് സമാധാന നൊബേൽ തിളക്കം

ഓസ്‌ലോ ∙ 2026 ലെ സമാധാന നൊബേൽ പുരസ്കാരം പ്രമുഖ ഇന്ത്യൻ വംശജയും രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയുമായ നവനീതം പിള്ളയ്ക്ക്. 2008 മുതൽ 2014 വരെ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറായി അവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലും ആഗോളതലത്തിലും ലിംഗ, വർണ, വംശീയ വിവേചനങ്ങൾക്കെതിരെ വിട്ടവീഴ്ചയില്ലാതെ പോരാടിയ വ്യക്തിയാണ് നവനീതം പിള്ള.

നാറ്റൽ സർവകലാശാലയിൽ നിന്നും ബിഎ, എൽഎൽബി ബിരുദങ്ങൾ സ്വന്തമാക്കിയ അവർ, ഹാർവഡ് ലോ സ്കൂളിൽനിന്ന് എൽഎൽഎമ്മും 1988 ൽ നിയമത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. ഹാർവഡിൽനിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കക്കാരിയാണ് നവനീതം പിള്ള. 1967-ൽ നാറ്റൽ പ്രവിശ്യയിൽ സ്വന്തമായി നിയമസ്ഥാപനം തുടങ്ങിയ ആദ്യ വനിതയെന്ന ചരിത്രനേട്ടവും ഇവർ സ്വന്തമാക്കിയിട്ടുണ്ട്. വർണവിവേചനത്തിനെതിരെ പോരാടിയ രാഷ്ട്രീയത്തടവുകാർക്കും സാമൂഹിക പ്രവർത്തകർക്കും വേണ്ടി കോടതികളിൽ വാദിച്ച അവർ, തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നതിനും മുൻനിരയിലുണ്ടായിരുന്നു.

1995-ൽ ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിൽ ആക്ടിങ് ജഡ്ജിയായ ആദ്യ കറുത്തവർഗക്കാരിയും നവനീതം പിള്ളയാണ്. അതേ വർഷം തന്നെ റുവാണ്ടയ്ക്കായുള്ള യുഎന്നിന്റെ രാജ്യാന്തര ക്രിമിനൽ ട്രൈബ്യൂണൽ ജഡ്ജിയായി നിയമിതയായ അവർ, 1999 മുതൽ 2003 വരെ ആ ട്രൈബ്യൂണലിന്റെ അധ്യക്ഷയായും പ്രവർത്തിച്ചു. തുടർന്ന് 2003-ൽ രാജ്യാന്തര ക്രിമിനൽ കോടതി ജഡ്ജിയായി ചുമതലയേറ്റു. 2008 സെപ്റ്റംബർ ഒന്നിന് ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണറായി ചുമതലയേറ്റ അവർ 2014 വരെ ആ പദവിയിൽ തുടർന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന ‘ഇക്വാലിറ്റി നൗ’ എന്ന രാജ്യാന്തര സംഘടനയുടെ സഹസ്ഥാപക കൂടിയാണ് നവനീതം പിള്ള.


Source link

Related Articles

Back to top button