ജിഎസ്ടിയിൽ ചരിത്രപരമായ അഴിച്ചുപണി; അറസ്റ്റ് ഒഴിവാക്കി, പിഴ കുറച്ചു, നിരക്ക് മാറ്റം ഇനി വർഷത്തിലൊരിക്കൽ

ജിഎസ്ടി നിയമപ്രകാരം ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന അറസ്റ്റ് അധികാരം പൂർണ്ണമായും എടുത്തുകളയാൻ 57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ ശുപാർശ. ഇതിന്റെ ഭാഗമായി കേന്ദ്ര ജിഎസ്ടി നിയമത്തിലെ 69-ാം വകുപ്പ് ഒഴിവാക്കാനാണ് തീരുമാനം. അതേസമയം, നികുതി വെട്ടിപ്പുകൾക്കും തട്ടിപ്പുകൾക്കുമെതിരായ കർശന നടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ജിഎസ്ടി നിയമപ്രകാരം ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുന്നതിനുള്ള പരിധി ഒരു കോടി രൂപയിൽ നിന്ന് അഞ്ച് കോടി രൂപയായി ഉയർത്താനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. സാധനങ്ങളോ സേവനങ്ങളോ സ്വന്തമാക്കാതെയും യഥാർത്ഥ ബില്ലുകൾ ഇല്ലാതെയും വ്യാജമായി ഐടിസി (ITC) കരസ്ഥമാക്കുന്ന കേസുകളാകും പ്രധാനമായും ഈ പ്രോസിക്യൂഷൻ പരിധിയിൽ വരിക. ഈ പുതിയ ശുപാർശകളെല്ലാം 2027 ഏപ്രിൽ ഒന്നിന് നിലവിൽ വരും. കൂടാതെ, പൊതുവായ ജിഎസ്ടി പിഴത്തുക 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറയ്ക്കാനും, കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് വിവിധ ശിക്ഷാവിധികൾ യുക്തിസഹമാക്കാനും കൗൺസിൽ ശുപാർശ ചെയ്തിട്ടുണ്ട്.
നികുതി നിരക്കുകളിൽ യാതൊരുവിധ മാറ്റങ്ങളും വരുത്താതെയാണ് 57-ാമത് ജിഎസ്ടി കൗൺസിൽ യോഗം സമാപിച്ചത്. ഇനി മുതൽ ജിഎസ്ടി നിരക്ക് പരിഷ്കരണങ്ങൾ വർഷത്തിൽ ഒരിക്കൽ മാത്രമേ ഉണ്ടാകൂ എന്നും കൗൺസിൽ തീരുമാനമെടുത്തു. നിരക്ക് മാറ്റങ്ങൾക്കായി മാത്രമായി വർഷത്തിൽ ഒരു യോഗം നീക്കിവെക്കും. പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിവസമായ ഏപ്രിൽ ഒന്നിന് തന്നെ ഇവ പ്രാബല്യത്തിൽ വരുത്തും. ഇതിലൂടെ ഓരോ ജിഎസ്ടി യോഗം ചേരുമ്പോഴും നിരക്ക് വർധനയെക്കുറിച്ചുള്ള ആശങ്കകൾ ഇനി ഒഴിവാക്കാം.
2025 സെപ്റ്റംബറിൽ ചേർന്ന 56-ാമത് യോഗത്തിലായിരുന്നു ഇതിനു മുൻപ് വലിയ തോതിലുള്ള നിരക്ക് പരിഷ്കരണങ്ങൾ നടപ്പിലാക്കിയത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ യോഗം ഭരണപരമായ നടപടികൾ ലളിതമാക്കുന്നതിനാണ് മുൻഗണന നൽകിയത്. ബിസിനസ്സ് സമൂഹത്തെ കൂടുതൽ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഒരു നികുതി സംവിധാനമാക്കി ജിഎസ്ടിയെ മാറ്റുക എന്നതാണ് ഈ പുതിയ മാറ്റങ്ങളുടെ പ്രധാന ലക്ഷ്യം.
പ്രധാന പുതിയ നിർദേശങ്ങൾ:
∙ 10,000 രൂപയിൽ താഴെയുള്ള തുകയുമായി ബന്ധപ്പെട്ട ചെറിയ വീഴ്ചകളിൽ ഇനി നോട്ടിസ് അയക്കില്ല.
∙ ജിഎസ്ടി കേസുകളിൽ പിഴയോ തടവോ അതോ രണ്ടും കൂടിയാണോ വേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം പൂർണ്ണമായും കോടതിക്ക് നൽകാനും ശുപാർശയുണ്ട്.
∙ ഒന്നിലധികം സംസ്ഥാനങ്ങളിൽ റജിസ്ട്രേഷൻ ഉള്ള നികുതിദായകർക്ക്, ഉദ്യോഗസ്ഥരെ നേരിൽ കാണാതെ തന്നെ ഓൺലൈൻ പോർട്ടൽ വഴി നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന ‘ഫെയ്സ്ലെസ് സ്കീം’ നടപ്പിലാക്കും.
∙ കൃത്യമായ രഹസ്യവിവരങ്ങൾ ഇല്ലാതെ ചരക്കു ലോറികളും ട്രക്കുകളും വഴിയിൽ തടയാൻ ഉദ്യോഗസ്ഥർക്ക് ഇനി അനുവാദമില്ല. ഇതിനായി ജോയിന്റ് കമ്മിഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ പ്രത്യേക അനുമതി നിർബന്ധമാണ്.
∙ ഏതെങ്കിലും ഒരു സംസ്ഥാനത്തിലൂടെ വെറുതെ കടന്നുപോകുന്നു എന്ന കാരണത്താൽ മാത്രം ചരക്കുവാഹനങ്ങൾ പരിശോധിക്കാൻ സാധിക്കില്ല. എന്നാൽ, ഇ–വേ ബിൽ പോലുള്ള ആവശ്യമായ രേഖകൾ ഇല്ലാതിരുന്നാൽ കർശന നടപടി സ്വീകരിക്കാം.
∙ സംരംഭകർക്ക് അർഹമായ ജിഎസ്ടി റീഫണ്ടിന്റെ 90 ശതമാനവും 13 ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കും. റീഫണ്ട് ക്ലെയിം അംഗീകരിക്കുന്നതിനുള്ള സമയപരിധി നിലവിലുണ്ടായിരുന്ന 15 ദിവസത്തിൽ നിന്ന് 10 ദിവസമായി വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
Source link




