ട്രെയിനിൽ പാട്ടും വീഡിയോയും വെട്ടിലാക്കും; പണികിട്ടും, പുറത്താകും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വണ്ടിയിലെ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഫോണിൽ പാട്ടുപൊട്ടിക്കുന്നവർക്ക് ഇനി പകുതിവഴിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വരും. അത്തരക്കാരെ ട്രെയിനിൽ നിന്നും പുറത്താക്കും. ആയിരം രൂപ പിഴയൊടുക്കേണ്ടിയും വരും. ടിക്കറ്റ് റദ്ദാക്കി പുറത്താക്കുന്ന രീതിയിൽ നിയമത്തിൽ റെയിൽവേ ഭേദഗതി കൊണ്ടുവന്നു. പുതിയ നിയമം നിലവിൽ വന്നു. യാത്രക്കാരുടെ ഭാഗത്തുനിന്ന് വലിയതോതിൽ പരാതികൾ ഉയർന്നതിനെത്തുടർന്നാണ് ഈ നടപടി.
കൂടുതൽ ശബ്ദത്തിൽ വീഡിയോകൾ കാണുന്നവർക്കും ഈ നിയമം ബാധകമാണ്. ടി.ടി.ഇയുടെ ഉത്തരവുകൾ വകവച്ചില്ലെങ്കിൽ ആറുമാസം വരെ തടവോ അയ്യായിരം രൂപ വരെ പിഴയോ ലഭിക്കാം. ഇയർഫോൺ ഉപയോഗിച്ച് പാട്ടുകൾ കേൾക്കുന്നതിന് യാതൊരു തടസ്സവുമില്ല.
1989-ലെ റെയിൽവേ നിയമത്തിലെ 145(2) വകുപ്പ് പ്രകാരം മറ്റ് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നത് തടയാൻ കഴിയുമായിരുന്നെങ്കിലും കൃത്യമായ ശിക്ഷാവിധികൾ ഉണ്ടായിരുന്നില്ല. ‘ജനവിശ്വാസ് അമന്റ്മെന്റ് ഒഫ് പ്രൊവിഷൻസ് ആക്ട് 2026’ പ്രകാരമാണ് ഈ മാറ്റങ്ങൾ വരുത്തിയത്. യാത്രക്കാർക്ക് 139 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലോ, നേരിട്ട് ടി.ടി.ഇയോടോ, അതല്ലെങ്കിൽ റെയിൽ ആപ്പ് വഴിയോ പരാതി ബോധിപ്പിക്കാവുന്നതാണ്.
ഇതിനിടെ, തിരുവനന്തപുരത്തുനിന്നും ഷൊർണൂരിലേക്കുള്ള വേണാട് എക്സ്‌പ്രസിൽ കൂടുതൽ പേർക്ക് യാത്ര ചെയ്യാനായി എൽ.ഡബ്ളിയു.എസ്. ജനറൽ സിറ്റിംഗ് കോച്ചുകൾ കൂട്ടിച്ചേർത്തു. ഇന്നലെ മാത്രം പത്തു കോച്ചുകളാണ് മാറ്റി സ്ഥാപിച്ചത്. അവശേഷിക്കുന്ന കോച്ചുകളും അതിവേഗം മാറ്റും. ആകെ പത്തൊൻപത് ജനറൽ കോച്ചുകളാണ് ട്രെയിനില ഉള്ളത്.
മുൻപ് ഒരു കോച്ചിൽ 108 പേർക്ക് ഇരുന്നും 42 പേർക്ക് നിന്നും യാത്ര ചെയ്യാനാകുമായിരുന്നെങ്കിൽ, പുതിയ കോച്ചിൽ 220 പേർക്ക് ഇരുന്നും 50 മുതൽ 70 വരെ പേർക്ക് നിന്നും യാത്ര ചെയ്യാം. ജനശതാബ്ദി എക്സ്‌പ്രസിൽ പുഷ്ബാക് സീറ്റുകളുള്ള കോച്ചുകൾ അടുത്ത ആഴ്ചയോടെ കൂട്ടിച്ചേർക്കും. ഇതിനായുള്ള 16 കോച്ചുകൾ കൊച്ചുവേളിയിൽ എത്തിച്ചിട്ടുണ്ട്.
English Summary
Indian Railways has introduced new rules to curb loud music played on mobile phones that disturbs fellow passengers. Under the revised rules, offenders may be fined ₹1,000 and removed from the train after their tickets are cancelled. The rules have come into effect following widespread complaints from passengers.
RELATED TOPICS: INDIAN RAILWAYS MOBILE RULES, TRAIN MOBILE MUSIC BAN, TRAIN PASSENGER RULES, INDIAN RAILWAY RULES MALAYALAM, TRAINIL MOBILE SONG VIDEO BAN
Source link



